വൈക്കം വിജയ ലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി: അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്‍. അടുത്തമാസം 13ന് വിവാഹ നിശ്ചയവും മാര്‍ച്ച് 29ന് വിവാഹവും നടക്കും.

സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി. സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആദരം നേടി. തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളര്‍ന്നത്.1981 ഒക്ടോബര്‍ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ വിജയലക്ഷ്മി സംഗീതത്തില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തില്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ട്യൂണുകള്‍ കേട്ട് പാട്ടുകളിലെ രാഗങ്ങള്‍ കണ്ടെത്താനും സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ ”ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ”ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികള്‍ നടത്തി ശ്രദ്ധേയയായി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: