കൊളംബിയയില്‍ സമാധാന കരാര്‍: പാര്‍ലമെന്റിന്റെ അംഗീകാരം

അരനൂറ്റാണ്ടിലേറെ നിലനിന്ന ആഭ്യന്തര അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊളംബിയയില്‍ പുതിയ സമാധാനകരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം. എതിരില്ലാത്ത 130 വോട്ടിനാണ് ഭേദഗതികളോടുകൂടിയ സമാധാന കരാറിന് കൊളംബിയന്‍ കോണ്‍ഗ്രസിന്റെ അധോസഭ അംഗീകാരം നല്‍കിയത്. ചരിത്രപരമായ പിന്തുണയെന്നാണ് കരാറിന് ചുക്കാന്‍ പിടിച്ച പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് ഇതിനെ വിശേഷിപ്പിച്ചത്.

നീണ്ട 52 വര്‍ഷത്തിലേറെ അവകാശങ്ങള്‍ക്കായി പോരാടിയ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്)യുമായാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. ഒക്ടോബറിലാണ് ആദ്യകരാര്‍ രൂപീകരിച്ചത്. ഇത് ഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ ജനം തള്ളിയിരുന്നു. വിമതര്‍ക്കു സര്‍ക്കാര്‍പദവികള്‍ വഹിക്കാമെന്നും അവരെ തടവിലിടുകയില്ലെന്നുമുള്ള വ്യവസ്ഥകള്‍ക്കു മാറ്റമില്ല. ഇവയായിരുന്നു ജനഹിത പരിശോധന നേരിയ വ്യത്യാസത്തിനു പരാജയപ്പെടാനിടയാക്കിയ വിവാദ വ്യവസ്ഥകള്‍. സര്‍ക്കാര്‍സേനയോ വിമതരോ നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിചാരണയ്ക്കു വിദേശികളായ ജഡ്ജിമാരെ നിയോഗിക്കില്ല, വിമതര്‍ ലഹരിമരുന്നുകടത്തിലൂടെയും മറ്റും സമ്ബാദിച്ച സ്വത്തുവകകള്‍ അക്രമത്തിനിരയായവര്‍ക്കു നല്‍കുന്നതിനായി കണ്ടുകെട്ടുക തുടങ്ങിയ വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെയുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പാണ് ആദ്യകരാറിനെതിരെ ഉണ്ടായത്. പിന്നീട് പുതിയ വ്യവസ്ഥകര്‍ ചേര്‍ത്ത് കരാര്‍ പുതുക്കി. 50 ഭേദഗതികളാണ് കരാറില്‍ വരുത്തിയത്. വിമതനേതാക്കളെ ജയിലിലടയ്ക്കണമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം അംഗീകരിക്കാതിരുന്നതാണു പ്രതിപക്ഷം കരാറിനെ എതിര്‍ക്കാന്‍ കാരണം. നാലുവര്‍ഷം നീണ്ട ചര്‍ച്ചകളും രണ്ടു സമാധാന കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങുകളും കഴിഞ്ഞാണു ചരിത്രപ്രധാനമായ നടപടി. ജയിലിലുള്ള 2000 പേര്‍ക്കു പൊതുമാപ്പു നല്‍കിയതിനുശേഷമേ കീഴടങ്ങുകയുള്ളൂവെന്ന് ഇതിനിടെ വിമതനേതാവ് പ്രഖ്യാപിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: