പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിനുപയോഗിച്ച റിലയന്‍സ് ജിയോ യ്ക്ക് 500 രൂപ മാത്രം പിഴ

അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള പിഴ 500 രൂപയിലൊതുങ്ങിയേക്കും. 1950 ലെ പേരും എംബ്ലവും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിവിധ പേരുകളും എംബ്ലവും ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ ആക്ടിലെ 3 വകുപ്പ് പ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് പരമാവധി ലഭിക്കാവുന്ന ശിക്ഷ 500 രൂപയാണ്. അതിനാല്‍ ഈ പിഴയല്ലാതെ റിലയന്‍സ് ജിയോക്ക് എതിരായി മറ്റ് നിയമനടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിയോയുടെ പരസ്യങ്ങളില്‍ മോദിയുടെ ചിത്രം വന്നതിനെതിരെ നിരവധി വിമര്‍ശനമുയര്‍ന്നിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നോ എന്ന് സമാജ് വാദി പാര്‍ട്ടി എംപി നീരജ് ശേഖറാണ് സര്‍ക്കാരിനോട് ചോദിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന സിങ് റാത്തോട് നല്‍കിയ മറുപടി.

സ്വകാര്യ കമ്പനികളുടെ ബ്രാന്റ് അംബാസഡറാകാന്‍ പ്രധാനമന്ത്രിയെ അനുവദിക്കുന്ന നിയമം നിലവിലുണ്ടോ എന്നും ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോ നിയമലംഘനം നലടത്തിയില്ലുണ്ടെങ്കില്‍ അതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു നീരജ് ശേഖറിന്റെ ചോദ്യം. എന്നാല്‍ ഇത്തരം കേസുകളില്‍ ഈടാക്കാവുന്ന പരമാവധി പിഴ 500 രൂപ മാത്രമാണെന്നും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിരിക്കുന്നവരുടെയോ അനുമതി കൂടാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത മൂന്നു ഡസനോളം പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിയമത്തിന്റെ മൂന്നാം സെക്ഷനിലാണ് ഈ പേരുകള്‍ പട്ടികയില്‍ ആക്കിയിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, ഇന്ത്യയുടെയും സംസ്ഥാനങ്ങളുടെയും ചിത്രങ്ങളും ചിഹ്നങ്ങളും, മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഐക്യരാഷ്ട്ര സംഘടന, അശോക ചക്രം, ധര്‍മ ചക്രം തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: