ആകാശച്ചുഴിയില്‍പെട്ട് ഖത്തര്‍ എയര്‍വെസ് യാത്രക്കാര്‍ക്ക് പരുക്ക്

റിയാദ്: വാഷിങ്ടണില്‍ നിന്നും ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം കനത്ത കാറ്റ് കാരണം ആകാശത്തില്‍ ആടിയുലഞ്ഞു. ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് . ഇതിനിടെ വിമാനം കനത്ത കാറ്റില്‍ ആടിയുലഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസോര്‍സ് ദ്വീപിലെ പോര്‍ച്ചുഗീസ് മിലിട്ടറി ബേസിലേക്കാണ് വിമാനം അടിയന്തിരമായി തിരിച്ച് വിട്ട് നിലത്തിറക്കിയത്. ഇതിനിടെ ഒരാളുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ബോയിങ് 777 വിമാനത്തിനാണ് ഇത്തരത്തില്‍ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരനായ ആസാദ് ദെസ പകര്‍ത്തിയ ഫോട്ടോകളില്‍ ഒരു യാത്രക്കാരനെ നിലത്ത് കിടത്തി പാരാമെഡിക്‌സ് ചികിത്സിക്കുന്നത് കാണാം. വിമാനം ഇറങ്ങുന്നതിനിടെ യാത്രക്കാര്‍ മേല്‍ക്കൂരയില്‍ പോയിടിച്ചതിനാല്‍ വിമാനത്തിന്റെ മേല്‍ക്കൂരയ്ക്ക് തകരാറ് സംഭവിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഷിംടണിലെ ദുല്ലെസ് ഇന്റര്‍നാഷണല്‍, വെര്‍ജീനിയയില്‍ നിന്നും ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന ക്യുആര്‍-708 വിമാനത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. 350 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അസോര്‍സില്‍ അടിയന്തിരമായിറക്കാന്‍ പൈലറ്റ് തീരുമാനിച്ചിരുന്നത്.

യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നിരിക്കുന്നതെന്നാണ് വിമാനക്കമ്ബനി വിശദീകരിച്ചിരിക്കുന്നത്. തനിക്കും മറ്റ് നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നുവെന്നാണ് യാത്രക്കാരിയും ബംഗ്ലാദേശ് സ്വദേശിയുമായ അഞ്ജലി സര്‍ക്കാര്‍ അസോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു. സീറ്റ് ബെല്‍റ്റിടാന്‍ സാധിക്കാതെ പോയ യാത്രക്കാര്‍ക്കാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടയില്‍ തെറിച്ച് വീണ് പരുക്കേറ്റിരിക്കുന്നത്. മൂന്ന് വയസുള്ള ഒരു കുട്ടി തെറിച്ച് വീഴുന്നത് കാണാമായിരുന്നു. വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ തീരുമാനിക്കുമ്‌ബോള്‍ അത് 6000 അടി ഉയരത്തിലൂടെ പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിലത്തിറങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുകയും ദ്വീപിലെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെ ഇന്നലെ രാവിലെ മറ്റൊരു വിമാനത്തില്‍ ഖത്തറിലേക്ക് അയച്ചിരുന്നുവെന്നാണ് സൂചന. യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് അസോര്‍സിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഒഫീഷ്യല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതമുണ്ടായ ആള്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: