ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ ഇംപീച്ച് ചെയ്യാന്‍ നീക്കം

സോള്‍ അഴിമതി ആരോപണം നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യാന്‍ മൂന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. 300 അംഗ അസംബ്ലിയില്‍ 171 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി ഒപ്പുവച്ചതോടെ രാജ്യത്ത് ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്നശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ അധികാരം വിട്ടൊഴിയേണ്ടിവരുന്ന ആദ്യ പ്രസിഡന്റാവും പാര്‍ക് ഗ്യൂന്‍ ഹൈ.

കഴിഞ്ഞ ആറാഴ്ചകളായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയാണ്. ഭരണഘടനാ ലംഘനവും അധികാര ദുരുപയോഗവും ആരോപിച്ചാണ് പ്രക്ഷോഭം. ഇതിനിടെ, ജനങ്ങളോടു ക്ഷമ ചോദിക്കുകയും രാജിവച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഇംപീച്ച്മെന്റ് നടപടികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് ആരോപിച്ചു പ്രതിപക്ഷം ആ വാഗ്ദാനം തള്ളിക്കളഞ്ഞു.

സുഹൃത്തുമായി ചേര്‍ന്ന് അധികാര ദുര്‍വിനിയോഗത്തിലൂടെ ഫൗണ്ടേഷനുകള്‍ക്കു ധനസമാഹരണം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പാര്‍ക്കിനെതിരെയുള്ള പ്രധാന ആരോപണം. തന്റെ നയപരിപാടികളുടെ പ്രചാരണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. ഇംപീച്ച്മെന്റ് ബില്‍ അവതരിപ്പിക്കാന്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും അതു പാസാവണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം.
അതിനായി ഭരണകക്ഷിയില്‍ നിന്ന് കുറഞ്ഞത് 28 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണ്ടിവരും. അതു ലഭിക്കുമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം പാര്‍ക്കിനെതിരെ പട നയിക്കുന്നത്.
എ എം

 

Share this news

Leave a Reply

%d bloggers like this: