നോട്ട് പിന്‍വലിക്കലിന് ശേഷം ആദായനികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തത് 2900 കോടി

നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കണ്ടെത്താനായി ആദ്യ നികുതി വകുപ്പ് രാജ്യത്ത് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2900 കോടി രൂപ. 1000, 500 നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം ഇതുവരെ ആദായനികുതി വകുപ്പ് നടത്തിയത് 586 റെയ്ഡുകളാണ്. 300 കോടി രൂപ പണമായി തന്നെ പിടിച്ചെടുത്തു. ഇതില്‍ 79 കോടി പുതിയ 2000 രൂപ നോട്ടുകളാണ്. 2600 കോടിയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെടുത്തു.

തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 140 കോടിയിലേറെ പണവും 52 കോടി വിലമതിക്കുന്ന സ്വര്‍ണ്ണവുമാണ് തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത്. ചെന്നൈയില്‍ നടത്തിയ ഒരു റെയ്ഡില്‍ മാത്രം 100 കോടി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു.
ദില്ലിയിലെ അഭിഭാഷകന്റെ വീട്ടില്‍ നിന്നും 14 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. കൂടാതെ കണക്കില്‍പ്പെടാത്ത 19 കോടിയുടെ കള്ളപണ നിക്ഷേപവും ഇയാളുടെ അക്കൗണ്ടുകളില്‍ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെ ബ്രാഞ്ചില്‍ നിന്നും 9.85 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ എട്ടുകോടി രൂപ പുതിയ 2000 രൂപ നോട്ടുകളാണ്. ശേഷിക്കുന്നവ 100 രൂപയുടെ നോട്ടുകളും. ഒരു വ്യക്തി കഴിഞ്ഞ ആഗസ്തില്‍ എടുത്ത 15 ലോക്കറുകളില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്. ബാങ്കിലെ മറ്റ് അക്കൗണഅടുകളില്‍ നടത്തിയ പരിശോധനയില്‍ 80 ലക്ഷത്തിന്റെ പുതിയ കറന്‍സികളടക്കം 94.50 ലക്ഷം രൂപയും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതോടെ പൂനെയില്‍ നിന്നു മാത്രം 10.80 കോടിയാണ് പിടിച്ചെടുത്തത്.

ഗോവയില്‍ നടന്ന പൊലീസ് റെയ്ഡില്‍ 24 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. ദില്ലി കരോള്‍ ബാഗിലെ ഒരു ഹോട്ടലില്‍ നിന്നും 3.25 കോടി രൂപയുടെ നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരും പിടിയിലായി. ബംഗലൂരുവില്‍ ഒന്നരക്കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനും പിടിയിലായിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: