സമാധാന രാവ്….

വര്‍ണങ്ങളുടെ രാവ് എത്തിക്കഴിഞ്ഞു. സാന്താ ക്ലോസും കാരള്‍ ഗാനങ്ങളും പടക്കവും നക്ഷത്രവും കേക്കും സമ്മാനങ്ങളും എല്ലാം നിറഞ്ഞ രാവ്. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലെത്തുക ഈ വര്‍ണക്കാഴ്ചകളാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രീകളുമായി നാടും വീടും ആഘോഷ ത്തിന്റെ പുലരിയിലേക്ക് എത്തി നോക്കുകയാണ്.

യേശുക്രിസ്തുവിന്റെ ജന്‍മദിനമാണ് ക്രിസ്മസായി ആഘോഷിക്കുന്നതെങ്കിലും ക്രൈസ്തവരുടെ ആഘോഷം എന്നതിലുപരി നാടിനു മുഴുവന്‍ ആഘോഷമായി ക്രിസ്മസ് മാറുന്നു. വര്‍ണവും മധുരവും ഇത്രയേറെ നിറഞ്ഞ ഒരു ആഘോഷം കാണുക വിഷമം. ഡിസംബര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ നക്ഷത്രദീപങ്ങള്‍ തെളിയും. കേക്കിന്റെ മധുരവും പടക്കത്തിന്റെ ശബ്ദവും നക്ഷത്രങ്ങളുടെയും ക്രിസ്മസ് ട്രീയുടെയും പുല്‍ക്കൂടിന്റെയും വര്‍ണങ്ങളും സ്വപ്നങ്ങളില്‍ നിറയും.ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യനായി അവതരിച്ച ക്രിസ്തുവിന്റെ ജന്‍മദിനമാണ് ക്രിസ്മസ്. മറിയത്തിന്റെയും ജോസഫിന്റെയും മകനായി ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ക്രിസ്തു ജനിച്ചു എന്നാണ് വിശ്വാസം. ആട്ടിടന്‍മാരും മാലാഖമാരും കന്നുകാലികളും എല്ലാം ഇതിനോട് ചേര്‍ന്നുള്ള കഥകളില്‍ നിറയുന്നുണ്ട്. ക്രിസ്മസ് എന്ന വാക്കിന്റെ അര്‍ഥം ‘ക്രിസ്തുവിന്റെ ബലി’ എന്നാണ്. യേശുക്രിസ്തു കുരിശിലേറി മൂന്നൂറിലേറെ വര്‍ഷം കഴിഞ്ഞാണു ക്രിസ്മസ് ആഘോഷിച്ചു തുടങ്ങിയത്.

എ.ഡി. 354ല്‍ അന്നത്തെ മാര്‍പാപ്പ ലിബേരിയൂസ് ക്രിസ്മസ് ദിനം ഡിസംബര്‍ 25 ലേക്ക് മാറ്റി. പക്ഷേ, ലത്തീന്‍ സഭ ഒഴിച്ചുള്ള മറ്റു പല പ്രമുഖ സഭകളും ജനുവരി ആറു തന്നെ ആഘോഷിച്ചുപോന്നു. കാലക്രമേണ ഡിസംബര്‍ 25നു ക്രിസ്മസ് ആഘോഷിക്കാന്‍ മറ്റു സഭകളും തയാറായി. റോമാസാമ്രാജ്യത്തില്‍ ‘സൂര്യദേവന്റെ തിരുനാള്‍’ ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25 നായിരുന്നു. എഡി 274ല്‍ ഔറേലിയന്‍ ചക്രവര്‍ത്തിയാണ് ഈ തിരുനാള്‍ ആഘോഷം തുടങ്ങിയത്. ദൈവപുത്രനായ യേശുവിനെ നീതിസൂര്യനായി കണക്കാക്കിയാവാം ആദിമ ക്രൈസ്തവര്‍ ഈ തീയതി തന്നെ യേശുവിന്റെ ജന്മദിനമായി തിരഞ്ഞെടുത്തത്.

എല്ലാ രാജ്യങ്ങളിലും ഡിസംബര്‍ 25 ന് അല്ല ക്രിസ്മസ് ആഘോഷിക്കുന്നത്. എത്യേപ്യ, യുക്രയിന്‍, കസഖ്സ്ഥാന്‍, ജോര്‍ജിയ, സെര്‍ബിയ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനുവരി ഏഴിനാണ് ക്രിസ്മസ്. ഈ രാജ്യങ്ങളിലെ ഓര്‍ത്തഡോക്‌സ് സഭകളും അസിറിയന്‍ സഭയില്‍ ബഗ്ദാദ് ആസ്ഥാനമായുള്ള വിഭാഗവും റഷ്യന്‍ യുക്രേനിയന്‍ കത്തോലിക്കരും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് എല്ലാ തിരുനാളും ആഘോഷിക്കുന്നത്.

ചുവപ്പും വെള്ളയുമാണ് ക്രിസ്മസിന്റെ കളര്‍. സാന്താ ക്ലോസുമാരെ കണ്ടിട്ടില്ലേ. ചുവന്നതൊപ്പിയും വസ്ത്രവുമണിഞ്ഞ് തിളങ്ങുന്നവരെ. ചുവപ്പ് നിറഞ്ഞ വസ്ത്രങ്ങള്‍ക്കും അലങ്കാരവസ്തുക്കള്‍ക്കുമാണ് ക്രിസ്മസ് വിപണിയില്‍ എന്നും പ്രിയം. വെസ്റ്റേണ്‍ വസ്ത്രങ്ങളാണ് ക്രിസ്മസ് ഫാഷനില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ക്രിസ്മസ് രുചിയാഘോഷമാണ്. സാള്‍ഡ് ആന്‍ഡ് പെപ്പര്‍ ചേര്‍ന്ന രുചിക്കൂട്ടുകള്‍ മാത്രമല്ല, കേക്കിന്റെ മാധുര്യവും വൈനിന്റെ തരിപ്പും എല്ലാം ചേരുന്നുണ്ട് ഈ ദിവസത്തില്‍. കേക്കില്‍ സര്‍വകാല പ്രതാപിയായി പ്ലം കേക്കുകള്‍ നിറഞ്ഞു നില്‍പ്പുണ്ട്. എന്നാല്‍ പുത്തന്‍ തലമുറയുടെ അനുഗ്രഹവും വാങ്ങി ബ്ലാക്ക് ഫോറസ്റ്റാണ് ഇപ്പോള്‍ വിപണിയിലെ താരം. ചോക്ക്‌ലേറ്റ് ഫ്‌ലേവറും എസെിങ്ങും ചേര്‍ന്ന കേക്കുകള്‍ക്കും ആരാധകരേറെ. എന്നാല്‍ ക്രിസ്മസ് കാലത്ത് ഭക്ഷണം ഒരുക്കുന്നതിലെ സന്തോഷം മുന്‍പുണ്ടായിരുന്ന അത്രയും ഇല്ലെന്ന് വേണം കരുതാന്‍. എല്ലാം വിപണിയില്‍ എത്തിയതോടെ വീടുകളില്‍ കേക്കും വൈനും ഉണ്ടാക്കുന്നവുരുടെ എണ്ണവും കുറഞ്ഞു. എങ്കിലും ക്രിസ്മസ് വരുന്നതറിയുമ്പോഴോ കുടങ്ങളില്‍ വൈന്‍ ഇട്ടുവയ്ക്കുന്ന, ക്രിസ്മസ് ദിനത്തില്‍ പുതിയ സന്തോഷത്തിന്റെ പ്രതീകമായി രുചികരമായ അപ്പവും കറിയും ഉണ്ടാക്കുന്ന വീടുകളും എല്ലാം ഇന്നുമുണ്ട്.

ഒരു താടിക്കാരന്‍ അപ്പൂപ്പനുമുണ്ട് ഈ സമയത്തിന്റെ താരമായി. ചുവപ്പ് കുപ്പായവും നീളന്‍ താടിരോമങ്ങളും നിറഞ്ഞ പുഞ്ചിരിയുമായി എട്ടു കലമാനുകളെ പൂട്ടിയ തേരിലെത്തി നിങ്ങളുടെ തലയിണക്ക് താഴെ സമ്മാനങ്ങള്‍ ഒളിപ്പിക്കാന്‍ എത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍. ലോകമുറങ്ങുമ്പോള്‍ സമ്മാനങ്ങളുമായി നിങ്ങളുടെ വീടിന് മുകളിലെത്തി ചിമ്മിനിക്കുള്ളിലൂടെ നിങ്ങളുടെ കിടക്കയ്ക്ക് അരുകിലെത്തുന്ന സാന്തായെ സ്വപ്നം കാണാത്തവര്‍ കുറവ്. സാന്തായെ പിടിക്കാന്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കുന്ന കുട്ടികള്‍ ഇന്ന് കുറവ്. എത്രയോ സാന്താ കഥകളുണ്ട് ലോകം മുഴുവന്‍ പാടാനായി. എത്ര സിനിമകള്‍ പുറത്തിറങ്ങി കുട്ടികള്‍ക്കെന്നും പ്രിയപ്പെട്ട ഈ സാന്തായെക്കുറിച്ച്.

ഒരിക്കലും പിടിതരാത്ത സാന്താക്ലോസ് കഥകളുടെ പൂക്കാലമാണ് ഓരോ ക്രിസ്മസും. നാലാം നൂറ്റാണ്ടില്‍, ഏഷ്യാമൈനറിലെ ബിഷപ് ആയിരുന്ന വിശുദ്ധ നിക്കോളാസിലാണ് സാന്തായുടെ ചരിത്രം ഉറങ്ങന്നത്. വിവാഹത്തിനു സ്ത്രീധനം കണ്ടെത്താനാവാതെ മൂന്നു പെണ്‍കുട്ടികളെ അടിമവേലയ്ക്കു വില്‍ക്കാനൊരുങ്ങിയ ഒരു പിതാവിനു സഹായവുമായി നിക്കോളാസ് എത്തി. ഒരു ചാക്കു സ്വര്‍ണം അവരറിയാതെ അദ്ദേഹം വീട്ടിലെത്തിച്ചു. ഈ സംഭവം കാലാന്തരത്തില്‍ മിത്തുകളുടെയും മറ്റും കൂട്ടുപിടിച്ച് സാന്താക്ലോസിന്റെ ഇന്നത്തെ രൂപത്തിലെത്തി.സാന്താക്ലോസ് വിവിധ നാടുകളില്‍ അറിയപ്പെട്ടത് പല പേരുകളിലാണ്. അമേരിക്കയില്‍ സാന്താ ക്ലോസ്, ഇംഗ്ലണ്ടില്‍ ഫാദര്‍ ക്രിസ്മസ്, ഫ്രാന്‍സില്‍ പെരെ നോയല്‍, ഹോളണ്ടില്‍ സിന്റര്‍ ക്ലാസ്, റഷ്യയില്‍ ഫാദര്‍ ഫ്രോസ്റ്റ്… സാക്‌റ്റെ ക്ലോസ്, വിശുദ്ധ നിക്കോളാസ്, ഇറ്റലിയില്‍ ലാ ബഫാന.. ഇനിയുമെത്രയോ പേരുകള്‍.

സമാധാനത്തിന്റെ ഈ ക്രിസ്മസ് നാളുകളില്‍ പരസ്പര സ്‌നേഹത്തോടും കരുണയോടും കൂടെ പ്രാര്‍ത്ഥനയിലും ആഘോഷങ്ങളിലും നമുക്ക് മുഴുകാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: