യു.കെ വിടാനൊരുങ്ങി വന്‍കിട സ്ഥാപനങ്ങള്‍: ബ്രക്സിറ്റ് അയര്‍ലന്‍ഡിന് സാധ്യതകളൊരുക്കുന്നു…

ഡബ്ലിന്‍: ബ്രക്‌സിറ്റിന്റെ നിയന്ത്രണങ്ങള്‍ പല യു.കെ കമ്പനികളെയും രാജ്യം വിടാന്‍ പ്രേരിപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അയര്‍ലണ്ടിലേക്ക് വരാനുള്ള താത്പര്യം പ്രകടിപ്പിച്ചു നൂറോളം അന്വേഷണങ്ങള്‍ വന്നതായി ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സികുട്ടീവ് മാര്‍ട്ടിന്‍ ഷാന്‍ഹാന്‍ വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്തിവരുന്നത്.

ബ്രക്സിറ്റ് നിയന്ത്രണങ്ങള്‍ ഡബ്ലിന് ഗുണകരമാകാനുള്ള സാധ്യതകളും മുന്നിലുള്ളതായി അദ്ദേഹം അറിയിച്ചു. യു.കെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങുന്നതോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ഇ.യു രാജ്യമായി അയര്‍ലന്‍ഡ് മാറുമ്പോള്‍ യു.കെ കമ്പനികള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറും അയര്‍ലന്‍ഡ്. അതിനോടൊപ്പം കുറഞ്ഞ കോര്‍പറേഷന്‍ ടാക്‌സും അയര്‍ലണ്ടിനെ തിരഞ്ഞെടുക്കാന്‍ വന്‍കിടക്കാര്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരില്ല.

പാസ്‌പോര്‍ട്ടിങ് നിയമങ്ങള്‍ ലളിതമാക്കിയില്ലെങ്കില്‍ ലണ്ടന്‍ വിട്ടുപോവുമെന്ന പല ധനകാര്യ സ്ഥാപനങ്ങളുടെയും മുന്നറിയിപ്പ് യു.കെ പ്രധാനമന്ത്രിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഒരു കേന്ദ്രീകൃത നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ എവിടെയും വ്യവസായങ്ങളും, ധനകാര്യ ഇടപാടുകളും വില്‍ക്കാനുള്ള ബാങ്കിന്റെ അധികാരമാണ് പാസ്‌പോര്‍ട്ടിങ് റൈറ്റ്‌സ്. കമ്പനികള്‍ക്ക് മത്സരാത്മകമായി തങ്ങളുടെ ഷെയറുകളും മറ്റും വില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുള്ളു. അല്ലാതെ യു.കെയില്‍ മാത്രം ഇത്തരം ഇടപാടുകള്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ കമ്പനികളുടെ ഷെയറുകള്‍ക്കും ഇടിവ് സംഭവിക്കും.

ഇ.യു മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ യു.കെ കമ്പനികള്‍ക്ക് കഴിയാതെ വരുമ്പോള്‍ ഇവയുടെ നിലനില്‍പ്പ് തന്നെ നിന്നുപോകാന്‍ സാധ്യതയുണ്ട്. തങ്ങള്‍ക്ക് വിശാലമായ മാര്‍ക്കറ്റ് ആവശ്യമാണെന്ന കാര്യം യു.കെ പ്രധാനമന്ത്രിയെ പല കമ്പനികളും ഇതിനോടകം അറിയിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ ആസ്ഥാനം മറ്റു പല രാജ്യങ്ങളിലേക്കും മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ കമ്പനികള്‍. അതനുസരിച്ചു ആദ്യം പരിഗണിക്കപ്പെടുന്നത് തൊട്ടടുത്തുള്ള അയര്‍ലണ്ടാണ്.

അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്ക് യൂറോപ്പുമായി ബന്ധപ്പെടാന്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്തത് അയര്‍ലണ്ടില്‍ വന്‍ അവസരങ്ങള്‍ക്കു വഴി തെളിഞ്ഞേക്കും. യു.കെ-ക്ക് ഏകദേശം 100,000 ജോലികള്‍ നഷ്ടപ്പെടുമെന്നാണ് P.W.C അകൗണ്ടുകള്‍ കണക്കാക്കുന്നത്. 12.5% കോര്‍പ്പറേഷന്‍ ടാക്സും, യു.കെയിലേതിന് സമാനമായ നിയമ വ്യവസ്ഥയും തുടങ്ങി ബ്രേക്സിറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമായി അയര്‍ലന്‍ഡ് മാറുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

എ എം

Share this news

Leave a Reply

%d bloggers like this: