ഓട്ടിസത്തെക്കുറിച്ച് നിര്‍ണ്ണായക കണ്ടെത്തലുമായി ഗവേഷക ലോകം

ഡബ്ലിന്‍: ഓട്ടിസം പഠനങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഗവേഷക സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. ഇത് രോഗം ഭേദമാക്കുന്നതില്‍ പ്രധാന വഴിത്തിരിവായേക്കും. ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ (ASD ) തലച്ചോറിന്റെ ഒരു പ്രതേക ഭാഗത്തെ മാത്രമാണ് ബാധിക്കുന്നതെന്ന് കണ്ടെത്തിയത് ട്രിനിറ്റി കോളേജ് ഡബ്ലിന്‍, ഇ.ടി.എച്ച് സൂറിച്ച്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, റോയല്‍ ഹോളോ വേ എന്നീ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിലാണ്.

ADS ബാധിച്ച രോഗികളില്‍ നടത്തിയ എം.ആര്‍.ഐ ബ്രെയിന്‍ സ്‌കാനിങ് ആണ് പുതിയ കണ്ടെത്തലിലേക്കു ഗവേഷകരെ നയിച്ചത്. തലച്ചോറില്‍ കോര്‍ട്ടെക്സ് ഭാഗത്ത് ജിറാസ് മേഖലയിലെ തകരാറ് ഓട്ടിസത്തിന് വഴിവെയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. രോഗബാധ ഇല്ലാത്ത കുറച്ചുപേരേയും ഗവേഷകര്‍ സ്‌കാനിങ്ങിന് വിധേയമാക്കിയതിനു ശേഷമാണ് താരതമ്യ പഠനം നടത്തിയത്.

ഓട്ടിസം ബാധിച്ചവര്‍ക്ക് സാമൂഹ്യ ഇടപെടല്‍ സാധിക്കാത്തതും, മറ്റുള്ളവരെക്കുറിച്ചു അറിയാനുള്ള കഴിവ് ഇല്ലാതാകുന്നതും തലച്ചോറിലെ പ്രതേക മേഖലകളിലെ കോശങ്ങളുടെ നാശമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോ ഹെങ്ക് ബല്‍സ്റ്റേഴ്സ് വ്യക്തമാക്കി. രോഗബാധിതരിലെ ഈ ക്രമരാഹിത്യമുള്ള കോശങ്ങള്‍ സജീവമാക്കാന്‍ കഴിഞ്ഞാല്‍ ഓട്ടിസം ബാധിച്ചവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

ഓട്ടിസം ബാധിതര്‍ക്ക് നല്‍കുന്ന ഔഷധക്കൂട്ടുകളില്‍ കോര്‍ട്ടെക്സ് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ചേരുവകള്‍ രോഗശമനം ഉണ്ടാക്കാന്‍ സഹായകമാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ‘ബ്രെയിന്‍’ എന്ന ജേണലാണ് പുറത്തു വിട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: