നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റര്‍ രാജിവെച്ചു

ബെല്‍ഫാസ്റ്റ്: കത്തിപുകയുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ തയ്യാറായി ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മെഗ് ഗിന്നസ്. സിം ഫെയ്ന്‍ ലീഡറായ മാര്‍ട്ടിന്റെ രാജി വടക്കന്‍ അയര്‍ലന്‍ഡ് ഭരണകൂടത്തെ ഉലച്ചിട്ടുണ്ട്. ഗ്രീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നില്‍ക്കുന്ന ഫസ്റ്റ് മിനിസ്റ്റര്‍ ആര്‍ലിന്‍ ഫോസ്റ്റര്‍ അന്വേഷണം കഴിയുന്നതുവരെ സ്ഥാനമൊഴിയാന്‍ തയാറാവാത്തതു മൂലം ഉണ്ടായ രാഷ്ട്രീയ കോളിളക്കത്തിന്റെ ഫലമാണ് മാര്‍ട്ടിന്റെ രാജി.

ആര്‍ലിന്‍ ഫോസ്റ്ററിനെതിരെ അവിശ്വാസപ്രമേയം പാസാക്കിയെങ്കിലും അവര്‍ അത് മറികടക്കുകയായിരുന്നു. എങ്കിലും രാഷ്ട്രീയ എതിരാളികള്‍ അവര്‍ രാജിവയ്ക്കണമെന്ന പ്രസ്താവനകളിറക്കിയിരുന്നു. തുടര്‍ന്ന് പടിയിറങ്ങാന്‍ തയ്യാറല്ലെന്ന് ഫോസ്റ്റര്‍ ആവര്‍ത്തിച്ചു വ്യകത്മാക്കിയതിനൊടുവിലാണ് മാര്‍ട്ടിന്‍ മെഗ് ഗിന്നസിന്റെ നാടകീയമായ രാജിവെയ്ക്കല്‍. ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്ററിന്റെ രാജി ഫോസ്റ്ററിന്റെ ഡെമോക്രാറ്റിക് യുണിയണിസ്റ്റ് പാര്‍ട്ടിയില്‍ പോലും വിള്ളലുണ്ടാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ വടക്കന്‍ അയര്‍ലന്‍ഡ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. സിം ഫെയ്ന്‍ സമാധാന ദൂതന്മാരുടെ നേതൃത്വത്തില്‍ ആര്‍ലിനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ നിരുപാധികം പരാജയപ്പെട്ടതോടെ സര്‍ക്കാരിന്റെ നിലനില്‍പ് ആകെ താറുമാറായിരിക്കുകയായിരുന്നു. തത്കാലത്തേക്ക് ഭരണത്തില്‍ നിന്നും മാറി നില്ക്കാന്‍ ഉള്ള ആവശ്യം ആര്‍ലിനെതിരെ ഉയര്‍ന്നുവന്നെങ്കിലും അവര്‍ തയ്യാറാകാതിരുന്നതാണ് മാര്‍ട്ടിന്റെ രാജിയില്‍ കലാശിച്ചത്.

‘ക്യാഷ് ഫോര്‍ ആഷ്’ വിവാദ നായിക ആര്‍ലിന്‍ സര്‍ക്കാര്‍ ഖജനാവിന് റവന്യൂ ഇനത്തില്‍ ക്രമക്കേട് നടത്തി നഷ്ടമുണ്ടാക്കിയതായാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിതീകരിച്ചപ്പോള്‍ അന്വേഷണം നേരിടാന്‍ ഇവര്‍ മന്ത്രിപദം ഒഴിയണമെന്ന വാദം ശക്തമാവുകയായിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ വിജയിച്ച ഇവര്‍ ഭരണത്തില്‍ പിടിച്ചു തൂങ്ങി. രാജ്യത്തെ ദേശീയതയ്ക്ക് നേരെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ആര്‍ലീന്‍ എന്ന് രാജിവെച്ച മാര്‍ട്ടിന്‍ പ്രതീകരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: