അയര്‍ലണ്ടില്‍ ക്ഷേമ പദ്ധതി കേന്ദ്രീകരിച്ചു തട്ടിപ്പു വ്യാപകമാകുന്നതായി പരാതി

ഡബ്ലിന്‍: രാജ്യത്ത് ക്ഷേമ പദ്ധതികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന 135 കേസുകള്‍ ഗാര്‍ഡയ്ക്ക് കൈമാറിയതായി സാമൂഹ്യ സംരക്ഷക വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു കണ്ടെത്തിയതിലൂടെ 1.7 മില്യണ്‍ യൂറോ സര്‍ക്കാര്‍ ഖജനാവിന് തിരിച്ചു ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖം തിരിച്ചറിയുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ സാമൂഹ്യ വകുപ്പ് കണ്ടെത്തിയത്. 2015-ല്‍ ഇത്തരം 14 കേസുകളില്‍ കോടതി കുറ്റക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഫേഷ്യല്‍ ഇമേജിങ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് 135 കേസുകള്‍ കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരാദ്ക്കര്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വാടക സബ്‌സിഡികള്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ സാമൂഹ്യ പദ്ധതികളില്‍ അയോഗ്യര്‍ കടന്നു കൂടുന്നതാണ് തട്ടിപ്പായി കണക്കാക്കുന്നത്. സംഘം ചേര്‍ന്നും ആളുകള്‍ സര്‍ക്കാരില്‍ നിന്നും ഇത്തരം പ്രയോജനങ്ങള്‍ തട്ടിയെടുക്കുന്നുണ്ട്. 375,148 യൂറോ വിവിധ സാമൂഹിക പദ്ധതിക്ക് ചെലവാക്കേണ്ടിയിരുന്നത് തട്ടിപ്പുകാര്‍ കൂടിയതോടെ 1,309,698 യൂറോ നല്‍കേണ്ടി വന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ ജസ്റ്റിസ് ലോ പ്രകാരം തടവും, ഫൈനും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. സാമൂഹ്യ പദ്ധതിയില്‍ അംഗമായവരുടെ കാര്‍ഡുകള്‍ കൈപ്പറ്റിയും ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും സാമൂഹ്യ വകുപ്പ് അറിയിച്ചു. വര്‍ഷാവര്‍ഷങ്ങളില്‍ ഇതിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്നത് കോടിക്കണക്കിനു യൂറോ ആണെന്ന് ധന മന്ത്രാലയും വ്യക്തമാക്കുന്നു.

2016-ല്‍ ആരംഭിച്ച ബയോമെട്രിക്ക് സംവിധാനത്തോടെയുള്ള സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വ്യാജന്മാരുടെ എണ്ണം നേരത്തെ കണ്ടുപിടിച്ചതില്‍ നിന്നും കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരം തട്ടിപ്പുകളെ പൂര്‍ണമായി ഒഴിവാക്കാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ സഹായിക്കുന്നുണ്ടെന്നു സാമൂഹ്യ വകുപ്പ് അഭിപ്രായപ്പെടുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: