സിനിമ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ പ്രദര്‍ശനം: പുതിയ സംഘടന സിനിമയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ദിലീപ്

കൊച്ചി: തീയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

പുതിയ സംഘടന സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയെന്ന് ദിലീപ് വ്യക്തമാക്കി. തീയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാകില്ല. മലയാള സിനിമയുടെ ഭാവി ഇനി ഈ സംഘടന തീരുമാനിക്കുമെന്നും എക്‌സി. സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് അറിയിച്ചു.
സര്‍ക്കാരില്‍ നിന്നുള്ള സെസ് ടിക്കറ്റില്‍ ചുമത്തി വീണ്ടും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയുള്ള പരിഹാരമല്ല വേണ്ടത്. സിനിമയെ സ്‌നേഹിക്കുന്ന സംഘടനകളിലൊന്നായി തീയറ്ററുടമകളുടെ സംഘടനയും മാറണം. അമ്മയുടെയും ഫെഫ്കയുടെയും പിന്തുണയുണ്ട്. തീയറ്ററുടമകളും വിതരണക്കാരും നിര്‍മാതാക്കളും ഉള്‍പ്പെട്ടതാണ് പുതിയ സംഘടനയെന്ന് ദിലീപ് വ്യക്തമാക്കി.

സമരം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് സിനിമ കാഴ്ചക്കാരന്റേതാണെന്നാണ്. എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിന്നതോടെയാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്. പുതിയ സംഘടന സിനിമയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായിട്ട് മാത്രം കണ്ടാല്‍ മതിയെന്നും ഫെഡറേഷനിലെ ആളുകളെയും പുതിയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷനിലെ അംഗങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തീയറ്റര്‍ അടച്ചിട്ടുള്ള സമരത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. ഇന്ന് രൂപീകരിക്കുന്ന സംഘടനയ്ക്കാകും സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രാധാന്യം. ആരെയും പൊളിച്ചടുക്കാനല്ല പുതിയ സംഘടന രൂപീകരിച്ചത്. താന്‍ കള്ളപ്പണക്കാരനാണെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.

വിതരണക്കാരും നിര്‍മ്മാതാക്കളും തിയറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തീയറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. നടന്‍ ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് കീറാമുട്ടിയായ സിനിമാ തര്‍ക്കത്തിന് പരിഹാരമൊരുക്കിയത്. ശനിയാഴ്ച രൂപീകരിക്കുന്ന തീയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ചാലക്കുടി ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി (ഷേണോയ് സിനിമാക്‌സ്), ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്) എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: