പുണ്യദര്‍ശനമായി മകരജ്യോതി തെളിഞ്ഞു; ശബരിമല ഭക്തിസാന്ദ്രം

ശബരിമല: സംക്രമപൂജ തൊഴുതുനിന്ന ഭക്തര്‍ക്ക് പുണ്യദര്‍ശനമായി മകരജ്യോതിയും മകരവിളക്കും തെളിഞ്ഞു. ശനിയാഴ്ച സംക്രമസന്ധ്യയില്‍ 6.40നാണ് പൂങ്കാവനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. ആത്മ നിര്‍വൃതി ഹൃദയത്തിലേറ്റുവാങ്ങിയ ഭക്തര്‍ അയ്യപ്പനെ വണങ്ങി ദര്‍ശന പുണ്യം തേടി. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി എത്തിയപ്പോള്‍ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിനു പൂര്‍ണതയായി.

മകരസംക്രമ പൂജയ്ക്കും മകരവിളക്കിനുമായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് തിരുവാഭരണ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തി. അവിടെനിന്ന് ആഘോഷപൂര്‍വം വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. സന്നിധാനത്തു ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണങ്ങള്‍ സ്വീകരിച്ചു. ശ്രീകോവിലിനു മുമ്പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകങ്ങള്‍ ഏറ്റുവാങ്ങി. ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ഇതിനു ശേഷമാണ് ദീപാരാധനയ്ക്കായി നട തുറന്നത്.

ഇന്ന് രാവിലെ 7.40 ന് മകരസംക്രമപൂജ നടന്നു. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരംരാശിയിലേക്കു മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകവും നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായിരുന്നു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: