57-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

കണ്ണൂര്‍:  പത്തുവര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയ്ക്കോപ്പം കലാ സാംസ്‌കാരിക രംഗങ്ങളിലും സര്‍ഗാത്മകതയിലും സമ്പന്ന പൈതൃകം കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ തികഞ്ഞ ആവേശത്തോടെയാണ് ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കലാ മാമാങ്കത്തെ വരവേല്‍ക്കുന്നത്.

കണ്ണൂരില്‍ നടക്കുന്ന കലോത്സവത്തിന് എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ഘോഷയാത്രയില്‍ 5000 ത്തില്‍ അധികം കലാപ്രതിഭകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്ലോട്ടുകളും കലാസാംസ്‌കാരിക പരിപാടികളും ഘോഷയാത്രക്ക് മാറ്റുകൂട്ടും.

പത്തുവര്‍ഷത്തിനുശേഷം കണ്ണൂര്‍ വീണ്ടും ആതിഥ്യമരുളുന്ന മേളയില്‍ ഇരുപത് വേദികളിലായാണ് മത്സരം. ഹരിത നയം പിന്‍പറ്റിയാണ് കലോത്സവമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 232 ഇനങ്ങളിലായി 12,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഹൈസ്‌കൂള്‍- 89, ഹയര്‍സെക്കന്‍ഡറി-105, അറബിക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും 19 വീതം ഇനങ്ങളിലാണ് മത്സരം. 177 വ്യക്തിഗത ഇനങ്ങളുണ്ട്. 55 ഇനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍. 50 സ്റ്റേജിതര ഇനങ്ങളും 172 സ്റ്റേജിനങ്ങളും.

22ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. സാംസ്‌കാരിക പരിപാടി 17ന് വൈകിട്ട് അഞ്ചിന് ടി പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. ദിവസവും രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പ്രമുഖരുമായി സംവദിക്കും. 22ന് പകല്‍ 12ന് സമാപന സമ്മേളനത്തില്‍ നടന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയാകും. ജവഹര്‍ സ്റ്റേഡിയത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര. ദിവസവും 15,000 പേര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: