സഹകരണ ബാങ്കിലെ കള്ളപ്പണം: ആര്‍ബിഐ വാദം തെറ്റെന്ന് വിവരാവകാശ രേഖ

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപമുള്ളതിനാലാണു നോട്ട് മാറ്റുന്നതടക്കമുള്ള നടപടികളില്‍നിന്നു സഹകരണ ബാങ്കുകളെ വിലക്കിയതെന്ന റിസര്‍വ് ബാങ്കിന്റെ വാദം തെറ്റാണെന്നു വിവരാവകാശ രേഖ. നോട്ട് അസാധുവാക്കിയതിനുശേഷം സഹകരണ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്നു തെളിയിക്കുന്ന ഒരു രേഖയും ആര്‍ബിഐയുടെ പക്കലില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആര്‍ബിഐ വാദത്തിനു സമാന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍, സഹകരണ ബാങ്കുകളുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അസാധുനോട്ടു നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനും അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കള്ളപ്പണ നിക്ഷേപം, കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ആറു ദിവസത്തിനു ശേഷം നവംബര്‍ 14ന്, സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചു. ഏതെങ്കിലും സഹകരണ ബാങ്കുകളില്‍ ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി തെളിയിക്കുന്ന തെളിവുകളോ വിവരങ്ങളോ റിസര്‍വ് ബാങ്കിന്റെ പക്കലില്ലായിരുന്നുവെന്നാണു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 10 വരെ സഹകരണബാങ്കുകളില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നു ഇതോടെ വ്യക്തമായി.

നോട്ട് മാറ്റി വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും സഹകരണബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുംബൈ സ്വദേശിയായ അനില്‍ ഗല്‍ഗലിയുടെ ചോദ്യത്തിന് ആര്‍ബിഐ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.ജി. റായ് ആണ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്.

കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിനാലാണു സഹകരണ ബാങ്കുകള്‍ക്കു നോട്ട് മാറ്റിവാങ്ങുന്നതിന് അനുവാദം നിഷേധിച്ചതെന്ന ബിജെപി നേതാക്കളുടെ വാദത്തിനേറ്റ തിരിച്ചടിയാണ് ഈ രേഖ. സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചത് എന്തു കാരണത്താലാണെന്ന് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഇനി വ്യക്തമാക്കണമെന്നും ആവശ്യമുയരുന്നു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: