ഐറിഷ് സമൂഹത്തില്‍ ജീവിക്കുന്ന അവിവാഹിതയും കൗമാരിക്കാരിയുമായ അമ്മയുടെ കഥപറയുന്ന ഹാര്‍ട്ട്‌ബ്രേക്ക് ഷോര്‍ട്ട്ഫിലിം ഹിറ്റാകുന്നു

ഡബ്ലിന്‍: ഐറിഷ് സമൂഹത്തില്‍ ജീവിക്കുന്ന അവിവാഹിതയായ അമ്മയുടെ കഥപറയുന്ന ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആറരലക്ഷം പേരാണ് ഒരു ദിവസത്തിനുള്ളില്‍ കണ്ടത്. ആത്മഭാഷണ രൂപത്തിലുള്ള (മോണോലോഗ്) ഹാര്‍ട്ട്‌ബ്രേക്ക് എന്ന ചിത്രമാണ് വൈറലാകുന്നത്. ഐറിഷ് കവിയും നടനുമായ എമ്മത് കിര്‍വാന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജോര്‍ദന്‍ ജോണ്‍സാണ് എന്ന പതിനാറുകാരിയായ അമ്മയായി അഭിനയിച്ചിരിക്കുന്നത്. കിര്‍വാന്‍ തന്നെയാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതും.

യൂട്യൂബില്‍ 20,000 തവണ കണ്ട ചിത്രം ഫേസ്ബുക്കില്‍ ആറരലക്ഷം പേര്‍ കാണുകയും 12,000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ചിത്രം പുറത്തിറക്കി 24 മണിക്കൂറിനകമാണിത്. യുവതി കൗമാരത്തില്‍ ഗര്‍ഭം ധരിക്കുന്നതും തന്റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിക്കൊണ്ടു വരുന്നതു വരെ, തന്റെ 20 വയസുവരെയുള്ള ജീവിതകഥയാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്. അവിവാഹിതയായ അമ്മയെന്ന് നിലയില്‍ ജോലി ചെയ്ത് ജീവിക്കാനും വിദ്യാഭ്യാസത്തിലേക്ക് തിരികെ പോകാനുമുള്ള ശ്രമങ്ങളുമെല്ലാം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. താന്‍ നേരിടുന്ന സാമൂഹ്യ, രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് ചിത്രത്തില്‍ വിവരിക്കുന്നുണ്ട്. തിയേറ്റര്‍ പ്രൊഡക്ഷന്‍ കമ്പനിയായ ദിസ് ഈസ് പോപ്പ് ബേബിയാണ് ഹാര്‍ട്ട്‌ബ്രേക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഡേവ് ടിയാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ മൈക്ക് ഡോണെല്ലി, ഡേവ് ലെഹി, ലിയാം റയാന്‍ എന്നിവരുടെ സഹകരണത്തോടയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബറില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ച ഹ്രസ്വ ചിത്രം ക്രിസ്മസ് ദിവസങ്ങളിലാണ് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ഡേവ് ടിയാന്‍ ഈ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതില്‍ തങ്ങള്‍ വിജയിച്ചുവെന്ന് ഡേവ് ലെഹി പറയുന്നു. അവിവാഹിതരായ അമ്മമാരില്‍ നിന്നും മികച്ച പ്രതികരണവും ഞങ്ങള്‍ക്ക് ലഭിച്ചു. അവിവാഹിതരായ അമ്മമാര്‍ നേരിടുന്ന മുന്‍വിധികളും പൊതുവില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഒരു സ്ത്രീയുടെ വീക്ഷണത്തിലൂടെ മകന്‍ പറയുന്ന സംഭാഷണത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന അയര്‍ലന്‍ഡിനായി പ്രവര്‍ത്തിക്കുമെന്നുമാണ് മകന്‍ വ്യക്തമാക്കുന്നത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: