മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടേയും മെക്‌സിക്കോയുടേയും അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ഒപ്പു വെച്ചു. തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് മുന്നോട്ടു വെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ എന്നത്. അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് മതില്‍ നിര്‍മ്മിക്കുന്നത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം അവസാനിക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പു വെച്ചിട്ടുണ്ട്. അതേ സമയം കുടിയേറ്റക്കാര്‍ക്കായുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നാണ് ന്യൂയോര്‍ക്ക് മേയര്‍ പറയുന്നത്.

3,200 കിലോമീറ്ററാണ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ നിര്‍ദ്ദിഷ്ട മതിലിന്റെ നീളം. അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള സംരക്ഷണം നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ഈ സംവിധാനവും അവസാനിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം. രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാനും തീരുമാനമുണ്ട്.
എന്നാല്‍ ട്രംപിന്റെ തീരുമാനങ്ങളുമായി സഹകരിക്കില്ല എന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.  മതിലുകള്‍ നിര്‍മിക്കുന്നതിനോട് മെക്‌സിക്ക വിയോജിപ്പ് പ്രകടിപ്പിച്ചു. തങ്ങള്‍ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും മതില്‍ നിര്‍മാണത്തിന് സഹകരിക്കില്ലെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്കൊ പെനാ നിറ്റൊ ഒരു സന്ദേശത്തില്‍ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ട ചുമതല പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്. ഇതുമായി ഇവര്‍ സഹകരിക്കില്ല എന്നാണ് പറയുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് ട്രംപിന്റെ ഉത്തരവുകള്‍ എന്നാണ് എതിര്‍ പക്ഷത്തുള്ളവര്‍ വിലയിരുത്തുന്നത്. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമബോധവല്‍ക്കരണം നടത്താനാണ് ട്രംപ് വിരുദ്ധരുടെ നീക്കം.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: