ടയര്‍ കയറ്റുമതിയില്‍ ചൈനയ്ക്ക് പണികൊടുത്ത് ട്രംപ്

വാഷിംഗ്ടണ്‍: ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാ’നുള്ള നടപടികളുമായി മുന്‍പോട്ടു പോകുകയാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ ഉത്തരവില്‍ ഒപ്പിട്ട ശേഷം ചൈനയെയാണ് ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന ചൈനയുടെ ടയറുകള്‍ ‘പഞ്ചറാക്കുന്നതാണ്’ ട്രംപിന്റെ ആദ്യ നടപടി. ചൈനയില്‍ നിന്നുള്ള ടയര്‍ ഇറക്കുമതിക്ക് അധിക നികുതി ചുമത്താനാണ് അമേരിക്കയുടെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് അന്താരാഷ്ട്ര ട്രേഡ് കമ്മീഷന്റെ (യുഎസ്ഐടിസി) തീരുമാനം. ചൈനാ ടയറുകളുടെ ഇറക്കുമതിക്ക് മൂക്കു കയറിടുക എന്നത് തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നിലവിലുള്ള കൗണ്ടര്‍ വെയിലിംഗ് നികുതിയ്ക്ക് (19 ശതമാനം) പുറമെ ആന്റി ഡംപിംഗ് നികുതി എന്നപേരില്‍ 24 ശതമാനം അധിക നികുതി കൂടി ചുമത്താനാണ് അമേരിക്കയുടെ പുതിയ തീരുമാനം. ചൈനക്ക് ഇത് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതിവര്‍ധനവിലൂടെ ചൈനീസ് ടയറുകള്‍ക്ക് അമേരിക്കയില്‍ വില വര്‍ധിക്കും. ചൈനീസ് ടയറുകളുടെ വില അമേരിക്കന്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ടയറുകളുടെ വിലയ്ക്ക് തുല്യമാക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം.

കഴിഞ്ഞ വര്‍ഷം തന്നെ ഈ ആവശ്യം ഉന്നയിച്ച് അമേരിക്കന്‍ ടയര്‍ കമ്ബനികള്‍ അമേരിക്കന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് വിജയിച്ച ഉടന്‍ തന്നെ ഇതില്‍ തീരുമാനമുണ്ടാകുമെന്ന ഉറപ്പും കമ്പനികള്‍ക്ക് ലഭിച്ചിരുന്നു. അമേരിക്കന്‍ വിപണിയിലേക്കുള്ള ചൈനീസ് ടയറുകളുടെ പ്രവേശനം ബുദ്ധിമുട്ടിലാകുന്നതോടെ ഈ ടയറുകള്‍ കൂടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചൈന കയറ്റുമതി ചെയ്യാനുള്ള സാധ്യത ഉണ്ട്. ഇത് ഇന്ത്യന്‍ ടയര്‍ കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ചൈന ടയറുകളുടെ ഇറക്കുമതി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനെ പലതവണ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

എ എം

Share this news

Leave a Reply

%d bloggers like this: