മലയാളി നഴ്സുമാര്‍ക്ക് അംഗീകാരം; മെറ്റേര്‍ണിറ്റി ബെനിഫിറ്റ് ഇനി നാട്ടില്‍ പോയാലും കിട്ടും

അയര്‍ലണ്ടില്‍ ജോലിചെയ്യുന്ന വിദേശ വനിതകള്‍ക്ക് പ്രസവ ശേഷം മെറ്റേര്‍ണിറ്റി അലവന്‍സോടെ ലീവെടുത്ത് മാതൃരാജ്യത്തെത്താനുള്ള സൗകര്യമൊരുക്കി ഐറിഷ് സാമൂഹിക സുരക്ഷാ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ക്കുള്‍പ്പടെ ഏറെ പ്രയോജനപ്പെടുന്ന വിധമാണ് പുതിയ നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരാദ്ക്കറാണ് സ്ത്രീകള്‍ക്ക് ഏറെ അംഗീകാരം ലഭ്യമാക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.

അയര്‍ലന്റിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ നിയമ വ്യവസ്ഥ പ്രത്യേകിച്ചും മലയാളി നേഴ്സുമാര്‍ക്ക് ഗുണകരമാണെന്നതില്‍ സംശയമില്ല. പ്രസവ ശേഷം മാത്രം നാട്ടിലെത്തുന്നവര്‍ക്കായിരിക്കും ഈ നിയമം ബാധകമാവുക. അയര്‍ലന്റിലെ മലയാളികളില്‍ ഭൂരിഭാഗവും കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാറാണ് പതിവ്. പ്രസവ ശേഷം കുഞ്ഞുങ്ങളുടെ മതാചാര ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തുന്നവരും കുറവല്ല. ലീവും, ബെനിഫിറ്റും ഒരുമിച്ച് ലഭിച്ച് നാട്ടിലെത്തുക എന്നത് മലയാളികളുടെ സ്വപ്ന സാഫല്യമാണ്. ഇതോടെ കുടുംബത്തോടൊപ്പം ചെറിയ കാലഘട്ടം നാട്ടിലെത്താന്‍ കഴിയുന്നത് സാമ്പത്തീകമായി മാത്രമല്ല മാനസികമായും മലയാളി കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണ്.

അമ്മമാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയുടെ ഗുണം മെറ്റേണിറ്റി നിയമത്തിലൂടെ പിതാവിനും ലഭിക്കുന്നതാണ്. ഇരുവര്‍ക്കും രണ്ടാഴ്ചക്കാലത്തേക്ക് മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കും. മുന്‍പ് മെറ്റേണിറ്റി ബെനിഫിറ്റ് ലഭിച്ച് നാട്ടില്‍ പോകുന്നവര്‍ തിരികെ വന്നശേഷം ലഭിച്ച തുക തിരിച്ചടയ്ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇതിനും മാറ്റം വരികയാണ്. അതേസമയം യൂറോപ്പ്യന്‍ യൂണിയനിലെ പൗരന്മാര്‍ക്ക് യൂറോപ്പിന് പുറത്തേക്ക് പോകാന്‍ ആറ് ആഴ്ചക്കാലം വരെ പരമാവധി ലീവ് അനുവദിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് കൂടുതല്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം ഈ നിയമങ്ങള്‍ക്ക് പുറകിലുണ്ട്. കേരളത്തില്‍ നിന്നും നേഴ്സിങ് മേഖല തിരഞ്ഞെടുത്തത് അയര്‍ലണ്ടില്‍ ജോലിതേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് പുതിയ മെറ്റേണിറ്റി നിയമ വ്യവസ്ഥ. അയര്‍ലന്റിലെ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും ഭീഷണിയായ ജീവനക്കാരുടെ ക്ഷാമം നികത്താനും ഈ നിയമത്തിലൂടെ കഴിയുമെന്നാണ് ഐഎന്‍എംഒ യുടെ പ്രതീക്ഷ.

രാജ്യത്തെ നേഴ്സിങ് ജോലി ഒഴിവാക്കി ഐറിഷുകാര്‍ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നതും അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യ, ഫിലിപ്പിയന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മെച്ചപ്പെട്ട സേവന വ്യവസ്ഥകളുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നത് ഐറിഷ് ആരോഗ്യ മേഖലയ്ക്ക് ക്ഷീണമുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് തടയിടാന്‍ പുതിയ നിയമം വഴിവയ്ക്കുമെന്നാണ് സൂചനകള്‍. ആരോഗ്യ രംഗത്ത് കേരളത്തില്‍ നിന്നുള്ളവര്‍ ധാരാളമുള്ള അയര്‍ലണ്ടില്‍ മെറ്റേണിറ്റി നിയമത്തില്‍ കൊണ്ടുവന്ന ഈ പരിഷ്‌കാരം ഏറെ പ്രശംസനീയമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: