മാനവരാശിയെ ഇല്ലാതാക്കാന്‍ ജൈവ-ഭീകരാക്രമണം നടന്നേക്കാം; ചില വൈറസുകളെ കരുതിയിരിക്കുക

ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, കോളറ തുടങ്ങിയവയുടെ വൈറസിനെ ജൈവ-ഭീകരാക്രമണത്തിന് ഉപയോഗിക്കാവുന്ന സംഗതികളുടെ ഗണത്തില്‍പെടുത്തിയുള്ള പൊതുജനാരോഗ്യ ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരസ്യപ്പെടുത്തി. പകര്‍ച്ച വ്യാധികള്‍, ജൈവ-ഭീകരാക്രമണം തുടങ്ങിയവ നേരിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും അധികാരപ്പെടുത്തുകയാണ് ബില്ലിന്റെ മുഖ്യ ഉദ്ദേശ്യം.

120 വര്‍ഷം പഴക്കമുള്ള പകര്‍ച്ച വ്യാധി നിയമം (1897) റദ്ദാക്കിയുള്ളതാണ് പുതിയ ബില്‍. പകര്‍ച്ചവ്യാധി, ജൈവ-ഭീകരാക്രമണം തുടങ്ങിയവ ഉണ്ടാകുമ്പോഴോ അവയ്ക്കുള്ള ഭീഷണിയുണ്ടാകുമ്പോഴോ പൊതുജനാരോഗ്യപരമായ അടിയന്തരാവസ്ഥയെന്നു കണക്കാക്കും. അപ്പോള്‍, മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുക, പകര്‍ച്ചവ്യാധിയുള്ളവരുടെ യാത്ര തടയുക, വ്യാധി പകര്‍ത്താവുന്ന വസ്തുക്കളെയും മൃഗങ്ങളെയും മറ്റും നശിപ്പിക്കുക തുടങ്ങിയവയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടാവും.

പകര്‍ച്ചവ്യാധികളുള്ളവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുക, ആരോഗ്യ അടിയന്തരാവസ്ഥയുള്ളപ്പോള്‍ ചന്തകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടയ്ക്കുക, പകര്‍ച്ചവ്യാധിയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയ്ക്കും ഭരണസ്ഥാപനങ്ങളെ ബില്‍ അധികാരപ്പെടുത്തുന്നു. ആരോഗ്യ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് 25,000 രൂപവരെ പിഴയാണു ശിക്ഷ. ബോധപൂര്‍വം വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ മരണമുണ്ടാക്കുന്നതോ ചെടികളെയും മറ്റും നശിപ്പിക്കുന്നതോ ആയ സൂക്ഷ്മജീവികളെയും വിഷങ്ങളും ബോധപൂര്‍വം പരത്തുന്നതിനെ ജൈവ-ഭീകരാക്രമണമായി കണക്കാക്കും. മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ചെടികള്‍ക്കോ പരിസ്ഥിതിക്കോ ആരോഗ്യപരമായ ഭീഷണയുണ്ടാക്കുന്ന വസ്തുക്കളെ ജൈവപരമായി അപകടകരമാക്കുന്നതെന്ന് ബില്‍ നിര്‍വചിക്കുന്നു. പകര്‍ച്ചവ്യാധിയാകാവുന്നതായി 33 രോഗങ്ങളുടെ പട്ടികയാണ് ബില്ലിലുള്ളത്.

ആന്ത്രാക്‌സ്, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ, കോളറ, ഡെങ്കിപ്പനി, എച്ച്ഐവി – എയ്ഡ്‌സ്, പേവിഷബാധ, വൈറല്‍ ഹെപ്പറ്റൈറ്റിസ്, മലേറിയ, ആവര്‍ത്തിക്കുന്ന പനി, ഭക്ഷ്യവിഷബാധ, വില്ലന്‍ ചുമ, വസൂരി, വൈറല്‍ പനി, അഞ്ചാം പനി, മസ്തിഷ്‌ക ജ്വരം തുടങ്ങിയവയാണ് ഈ പട്ടികയിലുള്ളത്. ബാക്ടീരിയകളിലൂടെ വിവിധ പ്രദേശങ്ങളിലുണ്ടാവുന്ന പനി, എബോള, വസൂരി എന്നിവയുമുള്‍പ്പെടെ 34 സംഗതികളെയാണ് ജൈവ-ഭീകരാക്രമണത്തിന് ഉപയോഗിക്കാവുന്നവയായി കണക്കാക്കിയിട്ടുള്ളത്.
എ എം

Share this news

Leave a Reply

%d bloggers like this: