യുഎസ് കോണ്‍ഗ്രസില്‍ ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അപലപിച്ച് ട്രംപ്; ‘വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല’

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ എന്‍ജിനീയറുടെ കൊലപാതകത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂതന്‍മാര്‍ക്ക് എതിരായ ആക്രമങ്ങളും കന്‍സാസ് വെടിവെപ്പും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയ ശേഷം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.

പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നത് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന അസാധ്യമായ നാടുകളില്‍നിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല.

കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും തൊഴില്‍ ഇല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനാണ്. അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില്‍ പണിയുമെന്നും ട്രംപ് പറഞ്ഞു.

കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്ലയാണ് (32) കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ്.കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ ‘എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ’ എന്നാക്രോശിച്ച് ശ്രീനിവാസനും സുഹൃത്തുക്കള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ കുചിഭോട്ലയുടെ സുഹൃത്തും തെലങ്കാന സ്വദേശിയുമായ അലോക് മദസാനിക്കും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച യുഎസ് പൗരന്‍ ഇയാന്‍ ഗ്രിലോട്ടിനും പരിക്കേറ്റിരുന്നു.

മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥനായ ആഡം പ്യൂരിന്റണാണ് ഇന്ത്യക്കാര്‍ക്ക് നേരെ വെടിവെച്ചത്. ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: