ഐറിഷ് പൊതുഗതാഗത സംവിധാനത്തെ സ്വകാര്യവത്കരിക്കാന്‍ നീക്കം ; നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍ : പൊതുഗതാഗത മേഖലയെ സ്വകാര്യകൈകളില്‍ എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുന്നുവെന്ന് ആരോപണം. ബസ് ഐറാന്‍ സര്‍വീസുകളില്‍ ചിലത് വെട്ടിക്കുറയ്ക്കുവാനുള്ള ദേശീയ ഗതാഗത വകുപ്പിന്റെ തീരുമാനം ദുരൂഹതകള്‍ ബാക്കി നിര്‍ത്തുകയാണെന്ന വാദം ഉന്നയിച്ചത് യൂണിയന്‍ അംഗങ്ങളാണ്. മാര്‍ച്ച് 12 മുതല്‍ ഡബ്ലിന്‍- ക്ലോണ്‍മെല്‍ സര്‍വീസ്, ഏപ്രില്‍ 16 ന് എത്‌ലോണ്‍- വെസ്റ്റ് പോര്‍ട്ട് റൂട്ട്, മേയ് 26 ന് ഡബ്ലിന്‍- ഡെറി എന്നീ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കപ്പെടുന്നതോടൊപ്പം മാര്‍ച്ച് 12 മുതല്‍ ഡബ്ലിന്‍, ലീമെറിക്ക്, ഡബ്ലിന്‍-ഗാല്‍വേ, ദിവസേനയുള്ള സര്‍വീസുകളും നിര്‍ത്താക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബസ് ഐറാന്‍ നിശ്ചിത റൂട്ടുകള്‍ വെട്ടികുറയ്ക്കുന്നതോടെ ഈ സര്‍വീസുകള്‍ സ്വകാര്യ മേഖല കൈയടക്കാന്‍ ശ്രമം നടത്തുകയാണെന്നും അതിന് പരിപൂര്‍ണ്ണ പ്രോത്സാഹനം നല്‍കുന്നത് എന്‍ടിഎ യുടെ ഈ നടപടിയുമാണ്. ബസ് ഐറാന്‍ മാനേജ്‌മെന്‍ഡിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് റൂട്ടുകള്‍ ചുരുക്കിയിരിക്കുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡെര്‍മോണ്ട് ഒലേറി അറിയിച്ചു.

മാനേജ്മെന്റ് യൂണിയന്‍ വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്യുകയാണെന്ന് യൂണിയന്‍ അറിയിച്ചു. നഷ്ടത്തിലോടുന്ന ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ ശമ്പള വിതരണത്തില്‍ വന്‍ അഴിച്ചു പണികള്‍ നടത്താന്‍ തയ്യാറാവേണ്ടി വന്നുവെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന ബസ് സമരം ആരംഭിച്ചാലും ബസ് ഐറാന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് സര്‍വീസുകളുടെ രംഗപ്രവേശനം ഉണ്ടാകാന്‍ പോകുന്നത്. തൊഴിലാളികളെ കൊണ്ട് പണിമുടക്ക് നടത്തിക്കാന്‍ കഴിഞ്ഞാല്‍ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായേണ്ടി വരും. ഇത്തരം സാഹചര്യം സൃഷ്ടിച്ചെടുത്ത് സ്വകാര്യ മേഖലയ്ക്ക് ഇടം കൊടുക്കാന്‍ ദേശീയ ഗതാഗത വകുപ്പ് ശ്രമം നടത്തുന്നതിന്റെ തെളിവാണ് ഈ സര്‍വീസുകള്‍ റദ്ദാക്കല്‍ എന്നാണ് യൂണിയന്റെ ആരോപണം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: