‘കുഞ്ഞുങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കരുതേ’ – ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പ്

ഡബ്ലിന്‍ : കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ജങ്ക് ഫുഡ് ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പ്. കുട്ടികളെ വശീകരിക്കുന്ന ഇത്തരം കച്ചവട തന്ത്രങ്ങള്‍ അവസാനിപ്പിക്കാന്‍ പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് ഈ സംഘടന. സ്റ്റോപ്പ് ടാര്‍ഗെറ്റിങ് കിഡ്സ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കുട്ടികളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ഈ ക്യാംപെയ്ന്റെ ഭാഗമാകാന്‍ രക്ഷിതാക്കളോടും കുട്ടികളോടും അഭ്യര്‍ത്ഥന നടത്തികൊണ്ടാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ശരീരത്തിന് ഹാനികരമായ മധുരപദാര്‍ത്ഥങ്ങളും, എണ്ണമയം കലര്‍ന്ന ഭക്ഷണ രീതികളും, കോള ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും കുട്ടികള്‍ ഈ ഭക്ഷണ ശീലങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ നിത്യരോഗികളും പൊണ്ണത്തടിയുമുള്ളവരായി മാറും. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതു മൂലം കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങള്‍ കാലക്രമേണ നിര്‍ജീവമാകുന്നു. ഓര്‍മശക്തിക്കും ബുദ്ധിശക്തിക്കും സഹായിക്കുന്ന നാഡികള്‍ക്ക് ഇത്തരം പലഹാരങ്ങള്‍ ദോഷമുണ്ടാക്കുന്നു. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളുടെ ചിന്താശേഷിയും ഭാവനാശക്തിയും ഓര്‍മശക്തിയും ക്രമേണ കുറഞ്ഞുവരുന്നതായി നിരീക്ഷണത്തില്‍ വ്യക്തമായി. സ്വാഭാവികവും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശക്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന പൊതുജന ആവശ്യത്തിന് 30,000 പേരുടെ സഹകരണം ലഭിച്ചു കഴിഞ്ഞതായി ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ തലവന്‍ ക്രിസ് മെസി വ്യക്തമാക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ ഗൗരവപരമായി നോക്കികാണണമെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത പാലിക്കാനാണ് ഈ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: