വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായി ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പ്രസവിച്ച യുവതി

ഒരാഴ്ചക്കിടെ യുവതി പ്രസവിച്ചത് രണ്ടുതവണ. മൊത്തം മൂന്ന് കുട്ടികള്‍. ഒരാണും രണ്ടു പെണ്ണും. ആദ്യത്തേത് ഒരു കുഞ്ഞും രണ്ടാമത്തേത് ഇരട്ടകളും. വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കെയാണ് ചൈനയില്‍ നിന്നു പുതിയ വാര്‍ത്ത. ഒരു പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങളെ വരെ പ്രസവിച്ച സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമാണ് ഒരാഴ്ചക്കിടെ ഒരാള്‍ തന്നെ രണ്ട് തവണ പ്രസവിക്കുക എന്നത്.

ആദ്യം ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ സ്ത്രീയുടെ പ്രസവ വേദന നിലച്ചതാണ് വ്യത്യസ്തമായ പ്രസവത്തിലേക്ക് വഴിവെച്ചത്. പിന്നീട് വേദന വന്നില്ല. ഡോക്ടര്‍മാര്‍ ഇനിയും പ്രസവമുണ്ടെന്ന് പറഞ്ഞെങ്കിലും വേദയില്ലാത്തതിനാല്‍ അടുത്ത പ്രസവം മാറ്റിവയ്ക്കുകയായിരുന്നു.

ഗര്‍ഭ പാത്രത്തില്‍ മൂന്നു കുട്ടികളുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 21ന് ആദ്യ പ്രസവം നടന്നു. സുഖപ്രസവം. ആണ്‍കുഞ്ഞ് പിറന്നതോടെ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൈമാറി. അടുത്ത പ്രസവം ഉടനെയുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു.

എന്നാല്‍ ഏറെ നേരത്തിന് ശേഷവും പ്രസവമുണ്ടായില്ല. വേദന നിലയ്ക്കുകയും ചെയ്തു. ശേഷം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ തുടരുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ വിധിക്കുകയായിരുന്നു. തുടര്‍ന്നാണ് അടുത്ത പ്രസവം നീണ്ടത്.

ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 28ന് വീണ്ടും പ്രസവ വേദനയുണ്ടായി. പിറന്നത് ഇരട്ട പെണ്‍കുട്ടികള്‍. അതും സുഖപ്രസവം. 20 വര്‍ഷമായി താന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ഒരു സംഭവം തന്റെ സേവനകാലത്തിനിടെ ആദ്യമായിട്ടാണൈന്ന് ചികില്‍സിച്ച ഡോക്ടര്‍ ചെന്‍ ഐഹുവ പറഞ്ഞു.

ചൈനയിലെ ഹൂബി പ്രവിശ്യയിലെ യിചാങ് നഗരത്തിലാണ് ആശ്ചര്യകരമായ സംഭവം. ചൈന ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമ്മ ചെന്നിനെ കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെ വയസ് വ്യക്തമാക്കുന്നില്ല.

2012ലാണ് യുവതിയുടെ വിവാഹം നടന്നത്. എന്നാല്‍ കുഞ്ഞുങ്ങളുണ്ടാവാത്തതിനാല്‍ പല ചികില്‍സകളും നടത്തി. നിരാശയായിരുന്നു ഫലം. നാല് വര്‍ഷത്തിന് ശേഷമാണ് ചെന്നിന്റെ ആഗ്രഹം സഫലീകരിച്ചത്. 2016 ആഗസ്തില്‍ ഗര്‍ഭവതിയായി.

ഫെബ്രുവരി 21ന് ഗര്‍ഭം 30 ആഴ്ചയേ പിന്നിടുന്നുള്ളൂ. വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തി. ആദ്യം പിറന്ന ആണ്‍ കുഞ്ഞിന് 1.44 കിഗ്രാം തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഏറെ നേരത്തിന് ശേഷം വേദന നിലച്ചതോടെ അടുത്ത പ്രസവം വൈകി. ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് വേദനയുണ്ടായത്. ഇരട്ടകളെ പ്രസവിക്കുകയും ചെയ്തു. ഇരട്ടകളുടെ ഭാരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: