ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇനി ഏറ്റവും ഉയരത്തിലുള്ള ത്രിവര്‍ണ്ണപതാക പാറും

ഇന്ത്യ-പാക് അതിര്‍ത്തിയായ അട്ടാരിയില്‍ നിന്നും 323 മീറ്ററുകള്‍ അകലെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ത്രിവര്‍ണപതാക ഇന്ത്യ ഉയര്‍ത്തി. എന്നാല്‍ ഈ സ്തംഭത്തെ ചാരപ്പണിക്കായി ഉപയോഗിക്കും എന്ന് ആരോപിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുപോലും കാണാന്‍ സാധിക്കുന്നതാണ് ഈ 360 അടി ഉയരമുള്ള സ്തൂപം.

പതാക താഴ്ത്തല്‍ ചടങ്ങ് കാണുന്നതിനായി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദിവസവും സന്ദര്‍ശിക്കുന്ന അട്ടാരി-വാഗ അതിര്‍ത്തിയിലെ മറ്റൊരു ആകര്‍ഷണമായി ഈ കൂറ്റന്‍ പതാകസ്തൂപം മാറുന്നു. 110 മീറ്റര്‍ ഉയരമുള്ള ഹൈമാസ്റ്റില്‍ പാറിക്കളിക്കുന്ന പതാകയ്ക്ക് 120 അടി നീളവും 80 അടി വീതിയുമുണ്ട്. പതാകയുടെ തൂണിന് 55 ടണ്‍ ഭാരമുണ്ട്. ഈ പദ്ധതിക്കായി പഞ്ചാബ് സര്‍ക്കാര്‍ 3.50 കോടി രൂപ ചിലവഴിച്ചതായി കണക്കാക്കപ്പെടുന്നു. ഇതിന് മുമ്പ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്ഥാപിച്ചിരുന്ന 293 ഉയരമുള്ള പതാകസ്തൂപമായിരുന്നു ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതായി കണക്കാക്കപ്പെട്ടിരുന്നത്.

എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പാകിസ്ഥാന് അത്ര തൃപ്തിയില്ല. പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ അതൃപ്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെ അറിയിച്ചതായും അതിര്‍ത്തിയില്‍ നിന്നും പതാക മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതായും ചില വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണ് പതാക സ്ഥാപിച്ചതിലൂടെ ഇന്ത്യ നടത്തിയതെന്ന് കാണിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറക്കുന്ന പതാകയ്ക്കെതിരെ പാകിസ്ഥാന്‍ വ്യാഴാഴ്ചയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തി. പതാകയുടെ സ്തൂപത്തില്‍ കാമറ സ്ഥാപിച്ചുകൊണ്ട് പാകിസ്ഥാന്റെ പ്രദേശത്ത് ഇന്ത്യ ചാരപ്പണി നടത്തുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ഭയപ്പെടുന്നു.

എന്നാല്‍ നിയന്ത്രണരേഖയ്ക്ക് 200 മീറ്റര്‍ ഉള്ളിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും അതിനാല്‍ അത് ഒരു തരത്തിലുള്ള ലംഘനവുമല്ലെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്റെ അറിവിലല്ല. അത് നമ്മുടെ ദേശീയപതാകയാണ്. നമ്മുടെ മണ്ണില്‍ അത് ഉയര്‍ത്തുന്നത് തടയാന്‍ ആര്‍ക്കും സാധിക്കില്ല, ‘എന്ന് പതാകയുയര്‍ത്തിയ പഞ്ചാബ് മന്ത്രി അനില്‍ ജോഷി പറഞ്ഞു. അട്ടാരി അതിര്‍ത്തിയില്‍ ഏറ്റവും ഉയരം കൂടി പതാക സ്ഥാപിക്കാന്‍ അമൃതസര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റാണ് തീരുമാനിച്ചത്. 65 അടി ഉയരമുള്ള മൂന്ന് തൂണികളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ പതാകയെ പ്രഭാപൂരിതമാക്കും.

 
എ എം

Share this news

Leave a Reply

%d bloggers like this: