L പ്ലേറ്റുകാര്‍ ഓടിക്കുന്ന വാഹനം പിടിച്ചെടുക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ റോഡുകളിലൂടെ ലേണേഴ്സ് മാത്രമുപയോഗിച്ച് വാഹനമോടിക്കുന്ന ആളാണോ താങ്കള്‍? എങ്കില്‍ ഇനി മുതല്‍ ഏതുനിമിഷവും ഗാര്‍ഡയുടെ പിടി വീണേക്കാം. ലേണേഴ്സ് മാത്രമുള്ളവര്‍ ലൈസന്‍സ് ഉള്ള ഡ്രൈവര്‍ കൂടെയില്ലാതെ വാഹനം ഓടിക്കുന്നതിനു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗാര്‍ഡ. ഇത്തരക്കാരെ കണ്ടെത്തിയാല്‍ പിടികൂടാന്‍ ഗാര്‍ഡക്ക് പ്രത്യേക അധികാരം നല്‍കിയതായി ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി.

ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍ അപകട നിരക്ക് കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2012 -നും 2016 നും ഇടയില്‍ ഇത്തരം 42 റോഡ് അപടകടങ്ങള്‍ സ്ഥിതീകരിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ ലേണേഴ്സ് ഡ്രൈവര്‍മാര്‍ ഓടിച്ച വാഹനങ്ങള്‍150 മരണങ്ങള്‍ക്ക് കാരണമായി മാറിയെന്ന് നിയമ മന്ത്രി ഫ്രാന്‍സസ് ഫിറ്റസ് ജെറാള്‍ഡ് അറിയിച്ചു. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സ്വതന്ത്ര ടി.ഡി ടോമി ബ്രസന്റെ ലേര്‍നേഴ്‌സ് ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു അദ്ദേഹം.

അതേസമയം റോഡ് സുരക്ഷാ പ്രചരണ സംഘടനയായ ‘പാര്‍ക്ക്’ ഈ നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം ഡ്രൈവര്‍മാരെ പിടികൂടി ഫൈന്‍ ഈടാക്കി തിരിച്ചു വിടുമ്പോള്‍ വീണ്ടും ഇതേ തെറ്റുകള്‍ അവര്‍ ആവര്‍ത്തിക്കുന്നു. നിയമം കര്‍ശനമാക്കിയാലേ അപകടങ്ങള്‍ക്ക് കുറവുണ്ടാവുകയുള്ളുവെന്നാണ് ഇവരുടെ പക്ഷം.

അയര്‍ലണ്ടില്‍ ദിനം പ്രതി നൂറോളം മലയാളികള്‍ ലേര്‍നേഴ്‌സ് മാത്രമുപയോഗിച്ച് ഡ്രൈവ് ചെയുന്നുണ്ട്. റോഡ് നിയമങ്ങള്‍ മുഴുവന്‍ അനുസരിക്കുന്ന ഇവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഈ പുതിയ നിയമംമൂലം അനുഭവിക്കേണ്ടി വരിക. ഒരുമിച്ച് ജോലിക്ക് പോയി വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുക. എല്ലാ ലേണേഴ്‌സും റോഡപകടങ്ങള്‍ക്ക് കാരണമാകാറുമില്ല. മലയാളികളുടെ ഡ്രൈവിങ്ങിന് ഏറെ അനിശ്ചിതത്വം ഉണ്ടാക്കുന്നതാണ് ഈ ഗതാഗത നിയമം. പുതുതായി അയര്‍ലന്റിലെത്തിയ മലയാളികള്‍ ഉള്‍പ്പടെ ഗാര്‍ഡയുടെ ഈ പുതിയ ഗതാഗത നിയമത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: