ഭരണവിരുദ്ധ വികാരം അലയടിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം; യുപിയിലും ഉത്തരാഖണ്ഡിലും ഭരണം ഉറപ്പിച്ച് ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തെളിയുന്നത് ഭരണവിരുദ്ധ വികാരം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ തൂത്തെറിയപ്പെട്ടു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചപ്പോള്‍ പഞ്ചാബില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തി. തെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയിരിക്കുന്നത് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനാണ്.

2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 254 സീറ്റികളുമായാണ് സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തിയത്. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും മൂന്നക്കം കടക്കാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ല. എസ്പിയ്ക്കൊപ്പം ചേര്‍ന്ന് ഭരണത്തിലേറി ദേശീയ തലത്തില്‍ തിരിച്ചുവരവിന് ശ്രമിച്ച കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായിരിക്കുകയാണ് യുപിയിലെ ഈ ദയനീയ തോല്‍വി.

ഉത്തരാഖണ്ഡിലും ഭരണകക്ഷിയ്ക്ക് കനത്ത തോല്‍വി ഏല്‍ക്കേണ്ടി വന്നു. ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടു. 52 സീറ്റുകളിലെ ലീഡുമായി ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. 70 സീറ്റുകളുള്ള ദേവഭൂമിയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 32 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 സീറ്റുകളായിരുന്നു. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവുമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബി.ജെ.പി തൂത്തുവാരിയപ്പോള്‍ പഞ്ചാബില്‍ നടന്നത് വാശിയേറിയ പോരാട്ടം. വെല്ലുവിളി ഉയര്‍ത്തിയ എ.എ.പിയെയും ബി.ജെ.പിയെയും തകര്‍ത്തെറിഞ്ഞ് സിഖ്ഭൂരിപക്ഷ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇവിടെ കോണ്‍ഗ്രസ് മടങ്ങിയെത്തുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ന് 75 ാം പിറന്നാള്‍ ആഘോഷിക്കുന്ന പട്യാല മഹാരാജാവായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനാണ്.

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള ചാനു തൗബാല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ഒക്രം ഒബോബി സിംഗിനോടാണ് 14988 വോട്ടുകള്‍ക്ക് ഇറോം പരാജയപ്പെട്ടത്. ഇറോം ശര്‍മ്മിളക്ക് 51 വോട്ട് മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇറോമിന്റെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായതുമില്ല. മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹാര സമരം നടത്തിയ ഇറോം നിരാഹാരം അവസാനിപ്പിച്ച് രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: