മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചിയിലെ കോളേജ് വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മരുപടി നല്‍കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസവും ചെന്നൈയില്‍ നിന്നെത്തിയ ആളെ ഇന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്ന് വിളിച്ചു വരുത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ ഇയാള്‍ മിഷേലിനെ ശല്യംചെയ്തതായി സുഹൃത്തുക്കളുടെ മൊഴിയുണ്ടായിരിന്നു.

അതിനിടെ മിഷേലിന്റെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.എന്നാല്‍ മിഷേല്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മരണത്തിലെ ദൂരൂഹത വെളിച്ചത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് പിറവത്ത് പ്രതിഷേധ ജ്വാല എന്ന കൂട്ടായ്മയും സര്‍വകക്ഷി യോഗവും സംഘടിപ്പിക്കുകയാണ്. മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്.

തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്.

ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്. തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവൊന്നുമില്ല. വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: