അയര്‍ലന്‍ഡിലെ നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ കഠിനമാകുന്നു.ഉദ്യോഗാര്‍ഥികള്‍ പരാജയപ്പെട്ടു തുടങ്ങി

 

ഡബ്ലിന്‍: നഴ്‌സിങ്ങ് ബോര്‍ഡിന്റെ യോഗ്യതാ പരീക്ഷയില്‍ ഈ വര്‍ഷം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരാജയപ്പെട്ടു തുടങ്ങി. എല്ലാവരും എഴുത്തു പരീക്ഷയില്‍ വിജയിച്ചു എങ്കിലും പ്രവര്‍ത്തി പരിചയ പരീക്ഷയില്‍ ആണ് പരാജയം.

കഴിഞ്ഞ വര്‍ഷം വരെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ ആദ്യ അവസരത്തില്‍ 85% ശരാശരി വിജയം ഉണ്ടായിരുന്നത് പുനര്‍ പരീക്ഷയില്‍ 100 ശതമാക്കി വിജയിപ്പിക്കുകയായിരുന്നു പതിവ്.എന്നാല്‍ ഈ വര്‍ഷം മുതല്‍ നടന്ന മൂന്ന് പരീക്ഷാ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ പുനര്‍ പരീക്ഷയിലും ചിലര്‍ പരാജയപ്പെട്ടു തുടങ്ങി.ആദ്യ ഘട്ടത്തില്‍ നടന്ന പരീക്ഷകളില്‍ എല്ലാവരേയും ജയിപ്പിക്കുക എന്ന നയം അധികൃതര്‍ സ്വീകരിച്ചിരുന്നതായാണ് സൂചന.

എന്നാല്‍ 2017 മുതല്‍ നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷകള്‍ കൂടുതല്‍ കഠിനമാകുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.ഇതേ സമയം നേരത്തേ നടന്ന പരീക്ഷകളുടെ നിലവാരത്തെ കുറിച്ച് വിവിധ തൊഴില്‍ ദാതാക്കളില്‍ നിന്ന് പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതായി സ്ഥിരീകരിക്കാത്ത സൂചനകള്‍ ഉണ്ട്. പരീക്ഷ പാസായി ജോലി സ്ഥലത്ത് എത്തുന്നവരില്‍ ചിലരെങ്കിലും പ്രതീക്ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് പരീക്ഷാ നടപടികള്‍ കര്‍ശനമാക്കുവാന്‍ അധികൃതര്‍ തയ്യാറായതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

എന്തായാലും ഇനി മുതല്‍ പരീക്ഷ എഴുതുന്ന മലയാളി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ രീതികളെ കുറിച്ചും,പ്രവര്‍ത്തി പരിചയ പരീക്ഷകളെ കുറിച്ചും പ്രത്യേകം ബോധമുള്ളവര്‍ ആകേണ്ടതാണ്.ഇതോടൊപ്പം വിവിധ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതും മനസിലാക്കിയിരിക്കേണ്ടതാണ്. നഴ്‌സിങ്ങ് ഹോമുകള്‍ മാത്രമാണ് ഇപ്പോഴും പരീക്ഷാ സംവിധാനത്തിലൂടെ നഴ്‌സുമാരെ സ്വീകരിക്കുന്നത്.ആശുപത്രികള്‍ക്ക് ഇപ്പോഴും അഡാപ്‌റ്റേഷന്‍ സംവിധാനത്തോടാണ് പ്രിയം.

Share this news

Leave a Reply

%d bloggers like this: