വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യവംശത്തെ നാശത്തിലേക്കെത്തിക്കും; സ്റ്റീഫന്‍ ഹോക്കിങ്

മനുഷ്യവംശം കൂട്ടവംശനാശത്തിലേക്ക് നീങ്ങുകയാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് . രക്ഷിക്കാന്‍ ലോകസര്‍ക്കാര്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരസാങ്കേതികവിദ്യ അതിവേഗം വളര്‍ന്നതിലൂടെ മനുഷ്യരുടെ അക്രമസ്വഭാവം വര്‍ധിച്ചിരിക്കുകയാണെന്നും ഇത്തരത്തില്‍ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം മനുഷ്യവംശത്തിന്റെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നാശത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ രൂപീകരിക്കപ്പെടുന്ന ലോകസര്‍ക്കാറിന് സാധിക്കുമെന്നാണ് ഹോക്കിങ് പ്രത്യാശ പ്രകടിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ആണവയുദ്ധത്തിന്റേയും അന്തിമഫലം മനുഷ്യന്റെ കൂട്ടനാശമാകും. പരിസ്ഥിതി നാശത്തിന് ഇതിനോടകം തന്നെ സാങ്കേതിക വിദ്യകള്‍ കാരണമായിട്ടുണ്ട്. യുദ്ധങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജൈവായുധവും ആണവായുധവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗവും വിനാശകരമായ നിലയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തെ നിയന്ത്രിക്കണമെങ്കില്‍ ലോകത്തിന്റെ മൊത്തം അധികാരം കേന്ദ്രീകരിക്കപ്പെടുന്ന ഒരു ലോകസര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട് അദ്ദേഹം പറയുന്നു.

മനുഷ്യവംശം നേരിടുന്ന വെല്ലുവിളികളെ മുളയിലേ കണ്ടെത്തി അവസാനിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ സാധിക്കൂ എന്നും ഹോക്കിങ് പറയുന്നു. ഒറ്റനോട്ടത്തില്‍ നടക്കാത്ത ആശയമെന്ന് തോന്നുമെങ്കിലും താന്‍ ശുഭാപ്തിവിശ്വാസക്കാരനാണെന്ന് ഹോക്കിങ് പറയുന്നു. നവോഥാനകാലഘട്ടം മുതല്‍ അക്രമവാസനകളും യുദ്ധവുമെല്ലാം നമ്മള്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ ജൈവായുധ പ്രയോഗങ്ങളും ആണവയുദ്ധവുമെല്ലാം എല്ലാ പരിധിയും ലംഘിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യന്റെ സാമാന്യബോധം കൊണ്ടും യുക്തികൊണ്ടും ഇത്തരം അക്രമവാസനകളെ നിയന്ത്രിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. പരിസ്ഥിതി നാശത്തിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗവുമെല്ലാം വെല്ലുവിളികളാണെന്നും ഹോക്കിങ് പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: