ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം: മന്ത്രി ശശീന്ദ്രന്‍ രാജി വച്ചേക്കും

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ സംസാരിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ട മന്ത്രി, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം വീഴ്ചയാണ്. എല്ലാവരോടും സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന ആളാണ് താന്‍. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. ആരോപണവിധേയനായ ആളിനോടും സംസാരിക്കേണ്ടതുണ്ട്. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച്‌ പൊലീസ് സമഗ്രമായ അന്വേഷണം നടത്തും. മുഖ്യമന്ത്രി ഇടപെട്ട് ഇതു സംബന്ധമായ നിര്‍ദ്ദേശം ഡിജിപിക്ക് നല്‍കി. എല്ലാ വശവും പരിശോധിച്ചശേഷമായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ ആധികാരികത പരിശോധിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചന ഇതിനു പിന്നിലുണ്ടോ എന്നതും പൊലീസ് പരിശോധിക്കും.

മന്ത്രി അശ്ലീലമായി സംസാരിച്ചുവെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാവുന്ന സ്ത്രീയുടെ അടുത്ത് നിന്നും മൊഴി രേഖപ്പെടുത്തും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് തന്നെ അഴിമതി ആരോപണത്തില്‍പ്പെട്ട് മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചതിനാല്‍ ഘടകകക്ഷി മന്ത്രിയാണെങ്കിലും പുറത്തു വന്ന സംഭാഷണത്തില്‍ വസ്തുതയുണ്ടെങ്കില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സിപിഎം നേതൃത്വത്തിലുണ്ട്.

പ്രാഥമികമായി രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. പൊതുവെ ശാന്തനും ക്ലീന്‍ ഇമേജുള്ള മന്ത്രിയുമാണ് ശശീന്ദ്രനെന്നതിനാല്‍ പുറത്തു വന്ന വിവരങ്ങള്‍ ഇടതു നേതാക്കള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ലന്നതാണ് യഥാര്‍ത്ഥ്യം. മുന്നണിക്ക് അപമാനമായി മാറികൊണ്ടിരിക്കുന്ന സംഭവത്തില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും തുടര്‍ നടപടി വേണമെന്നുമുള്ള നിലപാടിലാണ് ഇടതു നേതൃത്യം.

മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതു സമൂഹത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പറ്റിയില്ലങ്കില്‍ വലിയ തിരിച്ചടിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. ഇതിനിടെ പുറത്ത് വന്ന വാര്‍ത്ത സംബന്ധമായി മുഖ്യമന്ത്രി ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണം നടത്തുന്നതായ തരത്തിലുള്ള സംഭാഷണമാണ് മംഗളം ചാനല്‍ ഞായറാഴ്ച പുറത്തുവിട്ടത്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: