പോലീസിനെ അമ്പരപ്പിച്ച് 100 കിലോയുടെ കൂറ്റന്‍ സ്വര്‍ണനാണയം മോഷണം പോയി

ബെർലിനിലെ ബോഡെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ സ്വര്‍ണം നാണയമാണ് മോഷണം പോയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ നാണയമാണ് ഒരു കയറിന്റെയും ഉന്തുവണ്ടിയുടെയും മാത്രം സഹായത്തോടെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഒരുപക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളില്‍ ഒന്നായിരുന്നു ഇത്. എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിക്കുന്ന ‘ബിഗ് മേപ്പിള്‍ ലീഫ്’ എന്ന ഭീമന്‍ നാണയമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്.

100 കിലോ ഭാരമുള്ള ഈ നാണയം ശുദ്ധമായ സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 53 സെന്റിമീറ്റര്‍ വ്യാസവും മൂന്ന് സെന്റിമീറ്റര്‍ കനവുമുണ്ട് ഇതിന്. ഏകദേശം 30 കോടി രൂപയാണ് നാണയത്തിന്റെ മൂല്യം. ബെര്‍ലിനിലെ മ്യൂസിയം ദ്വീപിലുള്ള ‘ബോഡ് മ്യൂസിയ’ത്തില്‍ ബുള്ളറ്റ് പ്രൂഫ് ലോക്കറിനുള്ളിലാണ് നാണയം സൂക്ഷിച്ചിരുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ മ്യൂസിയത്തില്‍നിന്നാണ് നാണയം മോഷ്ടിക്കപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 3.20നും 3.45നും ഇടയിലാണ് മോഷണം നടത്തിയതെന്ന് ബെര്‍ലിന്‍ പോലീസ് പറയുന്നു.

മ്യൂസിയം കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ഇവിടെനിന്ന് നാണയം സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തി. കൂടം പോലുള്ള വലിയ ഭാരമുള്ള എതോ ഉപകരണം ഉപയോഗിച്ച്‌ ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്തു. തുടര്‍ന്ന് വന്ന വഴിയിലൂടെത്തന്നെ ഭാരമേറിയ നാണയം പുറത്തെത്തിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

സുരക്ഷാ ജീവനക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു മോഷണം നടത്തിയത്. മോഷണ മുന്നറിയിപ്പ് നല്‍കുന്ന അലാം സംവിധാനങ്ങളും സിസിടിവി കാമറയും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. മ്യൂസിയത്തിനു പുറത്തെത്തിച്ച നാണയം ഒരു ഉന്തുവണ്ടി ഉപയോഗിച്ച്‌ ഇരുവരും ചേര്‍ന്ന് ഒരു പുഴ കടത്തി, അടുത്തുള്ള പാര്‍ക്കിലെത്തിച്ചു. അവിടെനിന്ന് ഒരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു കാര്‍ കത്തി നശിച്ച നിലയില്‍ പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ നാലു മണിയോടെയാണ് നാണയം മോഷ്ടിക്കപ്പെട്ടതായി മ്യൂസിയം അധികൃതര്‍ കണ്ടെത്തിയത്. എന്നാല്‍, നിരവധി സുരക്ഷാ ജീവനക്കാരും ക്രമീകരണങ്ങളുമുള്ള മ്യൂസിയത്തില്‍ ആരുമറിയാതെ ഇത്ര വലിയൊരു മോഷണം എങ്ങനെ നടന്നു എന്ന കാര്യം പോലിസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. മോഷ്ടാക്കളെ പിടികൂടാനായാല്‍ത്തന്നെ നാണയം വീണ്ടെടുക്കാനാവുമെന്ന് പോലീസ് കരുതുന്നില്ല. കാരണം, ഇതിനിടയില്‍ത്തന്നെ അത് ഉരുക്കി മറ്റു രൂപത്തിലേയ്ക്കു മാറ്റിയിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.


എ എം

Share this news

Leave a Reply

%d bloggers like this: