ഉപയോഗിച്ച റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് തിരിച്ചെത്തിച്ചു: ചരിത്രം കുറിച്ച് സ്പേസ് എക്സ്

ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ച് തിരിച്ചുകൊണ്ടുവന്ന റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് തിരിച്ചെത്തിച്ച് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ് ചരിത്രം കുറിച്ചു. ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് വീണ്ടും വിക്ഷേപിച്ച് അറ്റ്ലാന്റിക് സമുദ്രത്തില്‍ തിരിച്ചെത്തിച്ചത്. ലക്സംബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ഓപ്പറേറ്റര്‍ എസ്ഇഎസിന് വേണ്ടി വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ഈ റോക്കറ്റ് ബഹിരാകാശത്തെത്തിച്ചത്.

ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഫ് കോഴ്‌സ് ഐ സ്റ്റില്‍ ലവ് യു (തീര്‍ച്ചയായും ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു) എന്നെഴുതിയ ഡ്രോണ്‍ഷിപ്പിലാണ് റോക്കറ്റ് ലാന്‍ഡ് ചെയ്തത്. ഈ വിജയകരമായ ദൗത്യം ബഹിരാകാശ രംഗത്ത് വലിയ വിപ്ലവമാണെന്ന് സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞു.

2016 ഏപ്രിലില്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് നാസയുടെ ആവശ്യപ്രകാരം സാധനങ്ങള്‍ എത്തിക്കാനായിരുന്നു ഫാല്‍ക്കണ്‍ 9ന്റെ ആദ്യ ദൗത്യം. 2015 ഡിസംബറിലാണ് ഫാല്‍ക്കണ്‍ 9 ആദ്യമായി വിജയകരമായി തിരിച്ചെത്തിച്ചത്. 11 ഉപഗ്രഹങ്ങളാണ് ആ ദൗത്യത്തില്‍ വിക്ഷേപിച്ചത്. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ പോലുള്ള കമ്പനികളും സ്പേസ് എക്സുമായി മത്സര രംഗത്തുണ്ട്. ബ്ലൂ ഒറിജിനും റോക്കറ്റുകള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.


എ എം

Share this news

Leave a Reply

%d bloggers like this: