യൂറോപ്പിലെ പല ഭാഗങ്ങളിലും ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത പുലര്‍ത്തി സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍

ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യൂറോപ്പിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ്. ശക്തമായ സുരക്ഷ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഭീകരര്‍ വിവിധ മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുള്ളതായി 24 മണിക്കൂറിനിടെ നിരവധി തവണ മുന്നറിയിപ്പു നല്‍കിയതായി ദ സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ സുരക്ഷ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിന് ഐ.എസും മറ്റ് തീവ്രവാദ സംഘടനയില്‍പെട്ടവരും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നീ ഉപകരണങ്ങളില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിക്കാനുള്ള രീതികള്‍ വികസിപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യു.എസിലും യു.കെയിലും ലാപ്‌ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തിലെത്തിയ യാത്രക്കാരെ വിലക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവോര്‍ജ കേന്ദ്രങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായും സൂചന ലഭിച്ചിരുന്നു.

യുകെ യിലാണ് ഏറ്റവും ഗുരുതരമായ ഭീഷണി നിലനില്‍ക്കുന്നത്. ഇവിടുത്തെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈവശമാണെന്നിരിക്കെ ഭീകരാക്രമണം തടയുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുണ്ടായ ആക്രമണത്തിന് സമാനമായ രീതിയില്‍ യൂറോപ്പിലെ മറ്റിടങ്ങളിലും ആക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോസ്‌കൊയിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനങ്ങളും നടന്നിരുന്നു.

യുറോപ്പിനെക്കൂടാതെ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നുണ്ടെന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: