ട്രാക്കര്‍ മോര്‍ട്ട്‌ഗേജില്‍ വന്‍ ക്രമക്കേട്: കോടതി വിധിയില്‍ മനംനൊന്ത് വീട്ടമ്മ മരിച്ചു.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് വിവാദം പുകയുന്നു. ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് ഓഫ് അയര്‍ലന്‍ഡ് വന്‍തുക ഈടാക്കി വരുന്നത് യഥാര്‍ത്ഥ പലിശയിലും എത്രയോ മടങ്ങു കൂടുതലാണെന്ന് സെന്‍ട്രല്‍ ബാങ്ക് തന്നെ സ്ഥിതീകരിച്ചു. ഏകദേശം ആയിരത്തഞ്ഞൂറോളം ആളുകളാണ് മോര്‍ട്ട്‌ഗേജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇതിന്റെ ഇരകളായി തീര്‍ന്നത്. ഇത്തരം കേസുകള്‍ ദിനം പ്രതി തന്റെ മുന്നില്‍ എത്തിച്ചേരാറുണ്ടെന്ന് ഡബ്ലിന്‍ സോളിസിറ്റര്‍ ഗ്യാരി മാത്യുസ് പറയുന്നു.

ജനങ്ങള്‍ 20,000 യൂറോയും അതില്‍ കൂടുതലും ക്രമം തെറ്റിയ പലിശനിരക്കിനെ തുടര്‍ന്ന് ബാങ്കില്‍ ഒടുക്കേണ്ടി വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വീഴ്ചകളാണ്. ബാങ്കിന്റെ പലിശ നിരക്കില്‍ സംശയം തോന്നിയ ഒരു വ്യക്തി ഈ ഇടപാടുകള്‍ അകൗണ്ടിങ്ങിന് വിധേയമാക്കിയപ്പോള്‍ 18000 യൂറോ അടക്കേണ്ട സ്ഥാനത്തു ബാങ്ക് ആവശ്യപ്പെട്ട തുക 55,000 യൂറോ ആയിരുന്നു. 40 വയസ്സുള്ള റെ ഫ്‌ലാവിന്റെ കുടുംബത്തിന് സംഭവിച്ച ദാരുണമായ അവസ്ഥയാണ് മോര്‍ട്ട്‌ഗേജ് ക്രമക്കേടുമായി ബന്ധപ്പെട്ട അവസാനമായി പുറത്തുവന്ന വാര്‍ത്ത. ബാങ്കിന്റെ അമിത പലിശ അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട കോടതി വീട് ജപ്തി ചെയ്യുകയായിരുന്നു. കോടതി വിധി പുറത്തു വന്നപ്പോള്‍ വേദന താങ്ങാനാവാതെ ഹൃദയാഘാതം സംഭവിച്ച് ഫ്‌ലാവിന്റെ ഭാര്യ മരണപ്പെടുകയായിരുന്നു. 5 കുട്ടികള്‍ അടങ്ങുന്ന കുടുംബം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. വീടില്ലാത്തവരുടെ വ്യക്തി വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അയര്‍ലണ്ടില്‍ ഒരു ക്ഷാമവുമില്ല.

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉപഭോക്താക്കളില്‍ നിന്നും അനാവശ്യമായി ഈടാക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലായാല്‍ ബാങ്ക് അവരെ നേരിട്ട് വിളിച്ചുവരുത്താറുണ്ട്. എന്നാല്‍ ഇതല്ലാതെയും സംഭവിക്കാം. മോര്‍ട്ട്‌ഗേജ് പലിശ അടക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഫോറന്‍സിക് അകൗണ്ട് പരിശോധന നടത്തുക എന്നതാണ്. അകൗണ്ട് സ്ഥാപനങ്ങള്‍ക്ക് 100 യൂറോ ആണ് ഇതിനായി ഈടാക്കേണ്ടി വരുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ സൂക്ഷ്മ പരിശോധനക്ക് 300 യൂറോ നല്‍കേണ്ടി വരും. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ 80 ഫോറന്‍സിക് അകൗണ്ടിങ് നടത്തിയതില്‍ ക്രമക്കേട് ഇല്ലാത്തത് ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു.

രാജ്യത്ത് സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍, ഫിക്‌സഡ് വേരിയബിള്‍ റേറ്റ് എന്നീ രീതിയിലുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് ഉള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അനുസരിച്ച് അടക്കേണ്ട തുകയില്‍ കൂടുതലും കുറവും ഉണ്ടാകും. ഈ രീതിയിലെ ആശയക്കുഴപ്പമാണ് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നം നേരിടാനുള്ള പ്രധാന വെല്ലുവിളി. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും പലിശ നിരക്ക് കണക്കാക്കാനും വേണ്ടി മാത്രം മറ്റൊരു കേന്ദ്രീകൃത സംവിധാനം വേണമെന്ന ആവശ്യവാദം ശക്തമാണ്. സെന്‍ട്രല്‍ ബാങ്കും അത്തരമൊരു നിര്‍ദ്ദേശത്തെ പിന്താങ്ങുന്നുണ്ട്.

ഡി കെ

Share this news

Leave a Reply

%d bloggers like this: