ഫ്രഞ്ച് തെരഞ്ഞെടുപ്പ് : ഇടതുപക്ഷസ്ഥാനാര്‍ഥിക്ക് മുന്നേറ്റം

ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തിരുത്തിക്കൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കു മുന്നേറ്റം. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളില്‍ 19 ശതമാനം പിന്തുണയാണ് ഇടതുപക്ഷക്കാരന്‍ ഴാങ് ലിക് മെലന്‍ഷോണിനുള്ളത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന യാഥാസ്ഥിതിക സ്ഥാനാര്‍ഥി ഫ്രാന്‍സ്വാഫിയോണ്‍ 18 ശതമാനവുമായി പിന്നോട്ടുപോയി.

മധ്യവര്‍ത്തിയായ സ്വതന്ത്രസ്ഥാനാര്‍ഥി എമ്മാനുവല്‍ മാക്രോണ്‍ 24 ശതമാനവുമായി ഒന്നാംസ്ഥാനത്താണ്. തീവ്രവലതുപക്ഷ ദേശീയവാദി മരീന്‍ ലെ പെന്‍ 23 ശതമാനം പിന്തുണയോടെ തൊട്ടുടുത്തു നില്‍ക്കുന്നു.

മാക്രോണും ലെ പെനും തമ്മിലാകും രണ്ടാം റൗണ്ട് മത്സരം എന്ന നിഗമനം ഇപ്പോഴും നിരീക്ഷകര്‍ തിരുത്തിയിട്ടില്ല. രണ്ടാം റൗണ്ടില്‍ 62 ശതമാനത്തിലേറെ വോട്ടുനേടി മാക്രോണ്‍ വിജയിക്കുമെന്നാണു പരക്കെ ധാരണ.

2008 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന മെലന്‍ഷോണ്‍ ഇപ്പോള്‍ കുനിയാത്ത ഫ്രാന്‍സ് എന്നൊരു പ്രസ്ഥാനത്തിന്റെ നേതാവാണ്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്തുണയ്ക്കുന്നു. രണ്ടാഴ്ച മുന്പുവരെ 12 ശതമാനത്തില്‍ താഴെ പിന്തുണ കാണിച്ചിരുന്ന അദ്ദേഹം രണ്ടു ടെലിവിഷന്‍ സംവാദങ്ങളില്‍ തിളങ്ങിയതോടെയാണു മുന്നോട്ടു കുതിച്ചത്. സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ബെന്വാ ഹാമന്റെ വോട്ടുകളാണ് മെലന്‍ഷോണ്‍ പുതുതായി പിടിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉയര്‍ച്ച മരീന്‍ ലെ പെനിന്റെ യഥാര്‍ഥ എതിരാളി മെലന്‍ഷോണാണ് എന്ന ചിന്ത വളര്‍ത്തുമോ എന്നാണ് ഒന്നാംസ്ഥാനത്തുള്ള മാക്രോണിന്റെ ഉത്കണ്ഠ.23-നാണ് ഒന്നാം റൗണ്ട് വോട്ടിംഗ്. മുന്നില്‍ വരുന്ന രണ്ടുപേര്‍ മേയ് ഏഴിലെ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടും.

Share this news

Leave a Reply

%d bloggers like this: