മെലാനിയ ട്രംപിനെ കുറിച്ച് വ്യാജവാര്‍ത്ത; ഡെയിലി മെയില്‍ നഷ്ടപരിഹാരം നല്‍കണം

യുഎസ് പ്രഥമവനിത മെലാനിയ ട്രംപിനെ കുറിച്ച് വ്യാജവാര്‍ത്തയെഴുതിയ കേസില്‍, ഡെയിലി മെയില്‍ പത്രവും ഓണ്‍ലൈനും നഷ്ടപരിഹാരം നല്‍കും. ആരോപണം പിന്‍വലിയ്ക്കുന്നതായും ക്ഷമാപണം നടത്തുന്നതായും ഡെയിലി ന്യൂസ് പേപ്പേഴ്‌സ് ഉടമ അസോസിയേറ്റ് ന്യൂസ് പേപ്പേഴ്‌സ് അറിയിച്ചു. നഷ്ടപരിഹാര തുക വ്യക്തമാക്കിയിട്ടില്ല.

2016 ആഗസ്റ്റ് 20നാണ് ഡെയിലി മെയിലും ഓണ്‍ലൈനും മെലാനിയ ട്രംപിനെ കുറിച്ച് വാര്‍ത്ത നല്‍കിയത്. മോഡല്‍ എന്ന നിലയില്‍ മോഡലിങ്ങിനപ്പുറമുള്ള സേവനങ്ങള്‍ക്കും മെലാനിയ സന്നദ്ധയായി എന്ന് വാര്‍ത്തയില്‍ എഴുതി. എന്നാല്‍, ആരോപണം ഉന്നയിക്കാന്‍ തെളിവുകളുണ്ടായിരുന്നില്ല. മെലാനിയയും മോഡലിങ് ഏജന്‍സി നടത്തിയ പൗലോ സാംപൊലിയും ആരോപണം നിഷേധിക്കുകയും ചെയ്തു.

തങ്ങള്‍ ആദ്യമായി കണ്ടുവെന്ന് മെലാനിയയും ഭര്‍ത്താവ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അവകാശപ്പെടുന്നതിന്റെ മൂന്നുവര്‍ഷം മുമ്‌ബേ അവര്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ട്രംപിന്റെ ഭാര്യയുടെ ചിത്രങ്ങളും കുഴയ്ക്കുന്ന ചോദ്യങ്ങളും എന്ന തലക്കെട്ടില്‍ മെലാനിയയുടെ നഗ്‌നചിത്രത്തോടൊപ്പമായിരുന്നു വാര്‍ത്ത നല്‍കിയത്. വാര്‍ത്ത പരാതിക്കാരിക്ക് മാനനഷ്ടമുണ്ടാക്കിയതായി ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ വ്യക്തമാക്കി. ഡെയിലി മെയിലിന്റെ ക്ഷമാപണം പത്രത്തിലും വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തും.

Share this news

Leave a Reply

%d bloggers like this: