തുര്‍ക്കിയില്‍ ഹിതപരിശോധനക്ക് മൂന്നുനാള്‍; അനുകൂലമായാല്‍ ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക്

തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിന് മുന്നോടിയായുള്ള ഭരണഘടന ഭേദഗതിക്കായുള്ള ഹിതപരിശോധനക്ക് മൂന്നുനാള്‍ കൂടി. ഞായറാഴ്ച നടക്കുന്ന ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് വഴിമാറും. അതോടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് 2029 വരെ അധികാരത്തില്‍ തുടരാനും വഴിയൊരുങ്ങും. ഹിതപരിശോധനയെ ജനം എതിര്‍ത്താല്‍ ഉര്‍ദുഗാനു വന്‍തിരിച്ചടിയാകും.

രാജ്യത്തെ രണ്ടായിപ്പകുക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്തിമഫലമറിയാന്‍ തുര്‍ക്കിക്കൊപ്പം ലോകവും ഉറ്റുനോക്കുകയാണ്. ഉര്‍ദുഗാെന്റ അധികാരം വിപുലീകരിക്കുന്ന ഹിതപരിശോധനക്ക് ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പാണ്. അധികാരം ഉര്‍ദുഗാനില്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് പ്രധാന ആരോപണം. 2016ല്‍ തുര്‍ക്കിയില്‍നടന്ന പട്ടാള അട്ടിമറിശ്രമത്തിനുശേഷം ഉര്‍ദുഗാന്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് ഇവരുയര്‍ത്തുന്ന മറ്റൊരു വാദം. പട്ടാള അട്ടിമറിക്കുശേഷം 47,155 പേരെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായം ഫലപ്രദമായി നടപ്പാകുന്നുണ്ടെന്ന വാദമാണ് ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ്െഡവലപ്‌മെന്റ് പാര്‍ട്ടി (അക്)യുടെ മറുപടി. ഇസ്തംബൂളില്‍ ഒരാഴ്ച മുമ്പുനടന്ന പ്രചാരണങ്ങളിലും ഇതായിരുന്നു ഭരണകക്ഷിയുടെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പിന്തുണയുറപ്പിക്കാന്‍ ഉര്‍ദുഗാനും പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമും തെരുവിലിറങ്ങി. ആയിരക്കണക്കിന് അനുയായികള്‍ അവരെ വരവേറ്റു.

ഹിതപരിശോധന വിജയിച്ചാല്‍ ഒരു കാറിന് ഒരേയൊരു ഡ്രൈവര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് ലുഖ്മാന്‍ ദില്‍ബിരിം എന്ന 30കാരന്‍ പറഞ്ഞു. താന്‍ ഹിതപരിശോധനെയ അനുകൂലിക്കുന്നുവെന്നും ഭരണം കൂടുതല്‍ സുഗമമാവുമെന്നും ദില്‍ബിരിം കൂട്ടിച്ചേര്‍ത്തു. ഉര്‍ദുഗാന്‍ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചിലര്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിക്കുകയാണെന്നും അസ്മ ഈറന്‍ എന്ന വീട്ടമ്മ അഭിപ്രായപ്പെട്ടു. തുര്‍ക്കിയിലെ അറസ്റ്റുകളെ കുറിച്ച് ചോദിച്ചപ്പോഴും അവര്‍ ഉര്‍ദുഗാെന്റ പക്ഷത്തുതന്നെ നിലകൊണ്ടു.

അതേസമയം, പ്രസിഡന്‍ഷ്യല്‍ ഭരണം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അനുകൂലികള്‍ ആരോപിച്ചു. കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതേ നിലപാടിലാണ്. അതിനാല്‍ ജനം ഹിതപരിശോധന തള്ളിക്കളയണമെന്നാണ് ഇവരുടെ ആഹ്വാനം. ഹിതപരിശോധനയില്‍ ഉര്‍ദുഗാന്‍ വിജയിക്കുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും അഭിപ്രായപ്പെടുന്നത്. അനര്‍ ഏജന്‍സി നടത്തിയ അഭിപ്രായസര്‍വേയില്‍ 52 ശതമാനം പേര്‍ ഹിതപരിശോധന പിന്തുണക്കുമെന്നാണ് പറയുന്നത്. രാജ്യത്തെ 4000 പേരെ അഭിമുഖം നടത്തിയാണ് അവര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. 41 പ്രവിശ്യകളിലുള്ള 2000 പേരില്‍ നടത്തിയ സര്‍വേ അനുസരിച്ച് 51.2 ശതമാനം േവാട്ടുകള്‍ ഹിതപരിശോധനക്ക് അനുകൂലമാണെന്ന് കൊന്‍ സെന്‍സസ് പോളിങ് കമ്പനിയുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

തുര്‍ക്കിയിലെ വോട്ടര്‍മാരെ കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയ തുര്‍ക്കി പൗരന്മാരും വോെട്ടടുപ്പില്‍ പങ്കാളികളാണ്. അവരുടെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: