ആസ്‌ട്രേലിയ താത്കാലിക തൊഴില്‍ വിസ പദ്ധതി റദ്ദാക്കുന്നു; ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി

ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ ‘457 വിസ’ പദ്ധതി ആസ്‌ട്രേലിയ റദ്ദാക്കി. ഇതോടെ ഈ വിസാ പദ്ധതി കൂടുതലായി ഉപയോഗിച്ചുവന്ന ഇന്ത്യാക്കാരടക്കമുള്ള വിദേശീയര്‍ക്ക് കനത്ത തിരിച്ചടിയായി. ‘457 വിസ’ പദ്ധതിയിലൂടെ പ്രതിവര്‍ഷത്തില്‍ 95,000 വിദേശ പൗരന്‍മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്‌ട്രേലിയയില്‍ എത്തുന്നത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് പിന്നിടുന്‌പോഴാണ് പുതിയ തീരുമാനം വന്നത്. അന്ന് വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ, ഊര്‍ജം, ഭീകരവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയും ആറോളം കരാറുകള്‍ ഒപ്പിടുകയും ചെയ്തിരുന്നു.

ഇന്ത്യക്കാരെ കൂടാതെ ആയിരക്കണക്കിന് ഐറിഷ് വംശജരും 457 വിസയ്ക്കായി ഓരോ വര്‍ഷവും അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. അതെസമയം നിലവില്‍ ഈ വിസയില്‍ തുടരുന്നവര്‍ക്ക് പുതിയ നീക്കം ബാധിക്കില്ല എന്നാണറിയുന്നത്. റദ്ദാക്കിയ വിസപദ്ധതിക്ക് പകരം പുതിയ പദ്ധതി കൊണ്ടുവരും. ഇത് പ്രകാരം അനുവദിക്കാവുന്ന തൊഴിലവസരങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കും. പുതിയ വിസ അനുവദിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷത്തെ തൊഴില്‍പരിചയം വേണം. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാവരുത്. ഇംഗ്‌ളീഷ് ഭാഷയില്‍ മികവ് വേണം എന്നീ വ്യവസ്ഥകളും ഉള്‍പ്പെടുത്തും.

തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ വിസ അനുവദിക്കാതിരിക്കുന്നതെന്ന് പ്രധാനമന്ത്രിവ്യക്തമാക്കി. രാജ്യത്തേക്ക് ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ആസ്‌ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല. 457 വിസ രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ വേണ്ടി അനുവദിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

വിദേശ തൊഴിലാളികളെ മുഴുവനായും ഒഴിവാക്കുന്നുവെന്നല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വൈദഗ്ദ്ധ്യമുള്ളവരെയാണ് ആവശ്യമെന്നും അതിനാല്‍ ഏതു ഉദ്യോഗാര്‍ഥികള്‍ക്കും പെട്ടന്ന് ലഭിക്കുന്ന തരത്തിലുള്ള വിസ പദ്ധതി ഒഴിവാക്കുകയാണെന്നും ടേന്‍ബല്‍ വ്യക്തമാക്കി.

പുതിയ താല്‍ക്കാലിക തൊഴില്‍ വിസാ നിയമപ്രകാരം അനുവദിക്കവുന്ന അവസരങ്ങള്‍ പട്ടിക തിരിക്കും. ഉദ്യോഗാര്‍ഥിക്ക് രണ്ടു വര്‍ഷത്തെ തൊഴില്‍പരിചയം, ക്രിമിനല്‍ റെക്കോഡ് പരിശോധന, ഇംഗ്‌ളീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ.

 

 

എ എം

Share this news

Leave a Reply

%d bloggers like this: