ഫോണിന്റെ ബാറ്ററി അമിതമായി ചൂടാകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്

സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്നമാണ്. നെറ്റ് ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമൊക്കെ ഫോണുകള്‍ പെട്ടെന്ന് ചൂടാകുന്നത് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ ചില്ലറയല്ല. ബാറ്ററി ചൂട് അമിതമായി വര്‍ധിക്കുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും ഇത് കുറയ്ക്കാന്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിലിടുന്ന രീതി പലര്‍ക്കുമുണ്ട്. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിലിടുന്നത് ശരിയായ രീതില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇത് ബാറ്ററി ചൂടാകാന്‍ കാരണമാകുമെന്ന് മാത്രമല്ല ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് ബാറ്ററിയുടെ ക്ഷമത കുറയ്ക്കുകയും ചെയ്യും. അമിതമായ ചാര്‍ജിങ് മൂലം ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ട്.

ഫോണ്‍ എപ്പോഴും അടുത്തുതന്നെ സൂക്ഷിക്കുന്നവരായതിനാല്‍ കിടക്കുമ്പോഴും മറ്റും ബെഡിലും സോഫയിലുമൊക്കെ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ് പോലുള്ള പ്രതലങ്ങള്‍ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്.

ഫോണിന്റെ തന്നെ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും അഭികാമ്യം. ചാര്‍ജറോ ബാറ്ററിയോ മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ വാങ്ങാന്‍ ശ്രമിക്കുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഹീറ്റിങ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളും ബാറ്ററിയെ ദേഷ്യംപിടിപ്പിച്ചേക്കാം. ചില ആപ്പുകള്‍ അമിതമായി ഊര്‍ജം ഉപയോഗിക്കാറുണ്ട്. ഇവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ചാര്‍ജ് ചോര്‍ത്തിക്കളയുകയും ചെയ്യും. ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാനും ഇത്തരം ആപ്പുകള്‍ കാരണമാകാറുണ്ട്. ഫോണ്‍ ബാറ്ററി ചൂടാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സമീപകാലത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമാകാറുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ മുഴുവന്‍ മൂടുന്ന കവറുകള്‍ ചൂട് കൂടുന്നതിന് കാരണമാകാം. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നത് അമിത ചൂടിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.
എ എം

Share this news

Leave a Reply

%d bloggers like this: