മെറ്റേണിറ്റി ബെനിഫിറ്റിന് അപേക്ഷ നല്‍കിയവര്‍ക്ക് ആനുകൂല്യം വൈകുന്നു; പരിഹാരമാര്‍ഗങ്ങള്‍ ഉടനെന്ന് വരേദ്കര്‍

പുതുതായി മെറ്റേണിറ്റി ബെനിഫിറ്റിന് അപേക്ഷ നല്‍കിയ അമ്മമാര്‍ക്ക് ആനുകൂല്യം വൈകുന്നതില്‍ വ്യാപക അക്ഷേപമുയരുന്നു. ആനുകൂല്യത്തിന് ഒരുമാസം വരെ കാലതാമസം വന്നതാണ് പരാതി ഉയരാന്‍ കാരണം. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികം മാത്രമാണെന്ന് അറിയിച്ച സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ ഇതിന് ഉടനടി പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അവധിയില്‍ പ്രവേശിച്ച് ബെനിഫിറ്റിന്റെ പകുതി ലഭിച്ചിട്ടുള്ളവരും യാതൊരുവിധ ആനുകൂല്യങ്ങളും ഇത് വരെ ലഭിക്കാത്തവരും ഉണ്ട്. അടുത്ത ചില ആഴ്ചകള്‍ കൂടെ ഈ സ്ഥിതി തുടരുമെന്നും പാറ്റേണിറ്റി അനുകുല്യങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 2,850 ത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പ്രസവാവധിയിലുള്ള ഏകദേശം 1,300 റോളം പേര്‍ക്ക് ഇതുവരെ മെറ്റേണിറ്റി ബെനിഫിറ്റ് ലഭ്യമായിട്ടില്ല.

അയര്‍ലണ്ടിലെ പ്രസവ അവധി ആനുകൂല്യങ്ങള്‍ ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. അയര്‍ലണ്ടില്‍ പ്രസവാവധി 26 ആഴ്ചയായി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് അനുസരിച്ച് ആനൂകൂല്യങ്ങള്‍ ലഭ്യമല്ലെന്നാണ് ആരോപണവും പരാതിയും. ആഴ്ചയില്‍ 235 യൂറോ എന്ന നിരക്കില്‍ 26 ആഴ്ച ലഭിക്കുന്ന ആനുകൂല്യം മാത്രമാണ് ഏക ആശ്വാസം. അതിനുപോലും കാലതാമസം വരുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

പുതിയ സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാലതാമസം നേരിടുന്നതെന്ന് വരേദ്കര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റിലെ സ്റ്റാഫുകളുടെ അഭാവം പരിഹരിക്കുന്നതിന് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താനും മന്ത്രി ഉത്തരവിട്ട് കഴിഞ്ഞു. മെറ്റേണിറ്റി ബെനിഫിറ്റിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതാണ് കൂടുതല്‍ സൗകര്യമെന്നും പേപ്പര്‍ ആപ്ലിക്കേഷനുകള്‍ക്ക് നാല് ആഴ്ച മുതല്‍ ആറ് ആഴ്ച വരെ കാലതാമസം ഉണ്ടാവാമെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: