എസ്ബിഐയില്‍ ഇനി സൗജന്യ എടിഎം ഇടപാടില്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ്

എസ്ബിഐയില്‍ ഇനി സൗജന്യ എടിഎം ഇടപാടില്ല. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കും. ജൂണ്‍ 1 മുതല്‍ സര്‍വീസ് ചാര്‍ജ് നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

എടിഎമ്മുകളില്‍ നിന്ന് പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജുണ്ടാകും. അതേസമയം ബാങ്കുകളില്‍ ഇതുവരെ ഇത്തരമൊരു നിര്‍ദേശം എത്തിയിട്ടില്ലെന്ന് ശാഖ തലത്തിലെ ജീവനക്കാര്‍ പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ എസ്ബിഐ നടപ്പിലാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഇപ്രകാരമാണെന്നാണ് ലഭിക്കുന്ന വിവരം. ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെ അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെ 15 രൂപയുമാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നികുതിയായി ഈടാക്കുന്നത്.

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ വരെ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.

5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1,000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.

എ.ടി.എം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ എസ്.ബി.ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ഭ്രാന്തന്‍ നയം ബാങ്കുകളില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ. ബാങ്കുകളില്‍ ഇപ്പോഴുള്ള നിഷ്‌ക്രിയ ആസ്തിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ എസ്.ബി.ഐയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന ഇടപാടാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധനമന്ത്രി പ്രതികരിച്ചു. ബാങ്കുകളുടെ ലയനം താല്‍ക്കാലികമായെങ്കിലും എസ്.ബി.ഐക്ക് തിരിച്ചടിയുണ്ടാക്കി. നോട്ട് പിന്‍വലിച്ചതും ബാങ്കുകളുടെ ലയനവുമാണ് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്. ഈ നടപടി മൂലം ജനങ്ങള്‍ പണം ബാങ്കിലിടാതെ കൈയില്‍ വെക്കുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടസ്സപ്പെടുത്തും. ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഐസക് പറഞ്ഞു.

സ്വകാര്യ ബാങ്കുകള്‍ പോലും നടപ്പിലാക്കാന്‍ അറച്ചുനില്‍ക്കാന്‍ തീരുമാനമാണ് എസ്ബിഐ നടപ്പിലാക്കിയത്. ഇതിന്റെ പശ്ചാത്തലം എസ്ബിഐ നേരിട്ടുകൊണ്ടിരിക്കുന്ന നിഷ്ട്ക്രിയ ആസ്തിയുടെ പ്രശ്നമാണ്. കിട്ടാക്കടം കുറയുന്നത് ബാങ്കിന്റെ ലാഭം കുറക്കുന്നു. 1.67 ലക്ഷം കോടിയാണ് ബാങ്കിന് ലഭിക്കാനുളള കിട്ടാക്കടം. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സ്ഥാപിക്കുന്ന കേരള ബാങ്കില്‍ ഒരു തരത്തിലുളള സര്‍വീസും ചാര്‍ജും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുളള കാര്യവും ഐസക്ക് വ്യക്തമാക്കി.

 

എ എം

Share this news

Leave a Reply

%d bloggers like this: