അയര്‍ലണ്ടിലും സൈബര്‍ ആക്രമണ ഭീഷണി; HSE ജീവനക്കാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

ലോകവ്യാപകമായി നിരന്തരമുണ്ടാകുന്ന സൈബര്‍ ആക്രമണ പാരന്പരകളെ ചെറുത്ത് നിര്‍ത്താന്‍ HSE ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം. രാജ്യത്തെ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ സംശയം ജനിപ്പിക്കുന്ന ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. വെക്‌സ്‌ഫോര്‍ഡില്‍ കഴിഞ്ഞ ദിവസം HSE അനുബന്ധ ഏജന്‍സിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ആക്രമണത്തിന് ഇരയായ ഏജന്‍സിക്ക് ഉണ്ടായ നഷ്ടം എത്രയാണെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.

ബ്രിട്ടന്റെ ആരോഗ്യമേഖലയെ ഈ സൈബറാക്രമണം തകര്‍ത്തു കളഞ്ഞു. 45 എന്‍ എച്ച് എസ് ട്രസ്റ്റുകളുടെ പ്രവര്‍ത്തനമാണ് തകരാറിലായത്. ബ്രിട്ടനിലെ പല ആശുപത്രികളുടെയും ശസ്ത്രക്രിയകള്‍ മുടങ്ങി, കൂടാതെ പല ആശുപത്രികളിലെ രോഗികളെയും തിരിച്ചയച്ചു. ബ്രിട്ടന്‍ ആക്രമണത്തെ ഏറെക്കുറെ അതിജീവിച്ചെങ്കിലും രണ്ടാംഘട്ട ആക്രമണത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ്.

യൂറോപ്യന്‍ യൂണിയന്റെ പോലീസ് ഏജന്‍സിയായ യൂറോപോളിന്റെ കണക്കനുസരിച്ച് 150 രാജ്യങ്ങളിലായി 200,00 ത്തോളം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ WANNACRY എന്ന റാന്‍സംവെയര്‍ ആക്രമണം നടത്തിക്കഴിഞ്ഞു. പ്രവൃത്തി ദിവസമായ ഇന്ന് വിവിധ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിയിലുടെ വലിയ രീതിയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

സൈബര്‍ സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ വ്യക്തികളും, സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടത് സൈബര്‍ വിദഗ്ധരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കണമെന്നും അറിയിപ്പുണ്ട്. ഡേറ്റാ ബേസില്‍ സ്റ്റോര്‍ ചെയ്യുന്ന വിവരങ്ങളുടെ ആധികാരിത എപ്പോഴും ഉറപ്പാക്കുക, ഇ-മെയിലില്‍ എത്തുന്ന സന്ദേശങ്ങള്‍ സംശയകരമാണെന്ന് തോന്നിയാല്‍ അത് ഓപ്പണ്‍ ആക്കാതിരിക്കുക, സംശയകരമായ സന്ദേശങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുടെ പേരില്‍ വന്നതാണെങ്കിലും ഓപ്പണാക്കരുത്, ഇനി കംപ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ പണം നല്‍കി വെബ്സൈറ്റുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ശ്രമിക്കരുത്, കാരണം പണം നല്‍കിയാലും സൈറ്റുകള്‍ സുരക്ഷിതമായിട്ടായിരിക്കും തിരികെ ലഭിക്കുക എന്നതിന് ഉറപ്പില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0818300300 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് ദേശീയ സൈബര്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ സൈബര്‍ സുരക്ഷയ്ക്ക് വന്‍ തുക മാറ്റിവയ്ക്കുമ്പോള്‍ ഐറിഷ് സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീന മനോഭാവം സൈബര്‍ ആക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ആക്രമണത്തിന് ഇരയാകുന്ന കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നിന്നും ഡേറ്റ മുഴുവനായും തടയപ്പെട്ടേക്കാം. സൈബര്‍ സുരക്ഷാ ശക്തമാക്കാന്‍ ഐറിഷ് സര്‍ക്കാര്‍ വേണ്ടത്ര ഫണ്ട് അനുവദിക്കണമെന്ന് ദേശീയ സൈബര്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു.
എ എം

Share this news

Leave a Reply

%d bloggers like this: