കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റം ; രാജ്യത്തെ എടിഎമ്മുകളും അടച്ചിടാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്.

രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട വിന്‍ഡോസ് എക്സ്പി പതിപ്പാണ്. സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സുരക്ഷാ സംവിധാനങ്ങളിലാത്ത വിന്‍ഡോസ് എകസ്പിയുടെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ കാലഹരണപ്പെട്ടുകഴിഞ്ഞ വിന്‍ഡോസ് എക്സിപിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

2014ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയ്ക്ക് പിന്തുണ അവസാനിപ്പിച്ചതോടെ വിന്‍ഡോസ് എക്സ്പിയുടെ സുരക്ഷയും അവതാളത്തിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ സൈബര്‍ ആക്രമണത്തോടെ തങ്ങള്‍ പുതിയ വിന്‍ഡോസ് എക്സ്പി അപ്ഡേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് അപ്ഡ!േറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ അപ്ഡേറ്റിന് കമ്പനി ഏറെക്കാലം സര്‍വ്വീസ് നല്‍കില്ലെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വിന്‍ഡോസ് എക്സിപി ഉടന്‍ അപ്ഡേറ്റ് ചെയ്യാനും അല്ലാത്ത പക്ഷം എടിഎമ്മുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടെന്നുമാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. മാനേജ്മെന്റ് സര്‍വ്വീസ് ദാതാക്കള്‍ക്കും ആര്‍ബിഐ നിര്‍ദേശം കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ക്കോ പണത്തിനോ സുരക്ഷാ ഭീഷണിയില്ലെന്നാണ് എടിഎം ഓപ്പറേറ്റര്‍മാരുടെ പക്ഷം. നെറ്റ് വര്‍ക്കിലുള്ള സുപ്രധാന വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യുകയാണ് റാന്‍സംവെയര്‍ ചെയ്യുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എടിഎം മെഷീനുകളില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെങ്കില്‍ റാന്‍സംവെയര്‍ പണമിടപാട് തടസ്സപ്പെടുത്തുമെന്നാണ് വിദ്ഗര്‍ നല്‍കുന്ന വിവരം.

സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇന്ത്യയിൽ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചുവെന്നാണ് സൂചന. നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടർ ശൃംഖലകളാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. കേരളത്തിൽ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ നാലു കംപ്യൂട്ടറുകൾ ആക്രമണത്തിനിരയായിട്ടുണ്ട്. ആകെ പത്തു കംപ്യൂട്ടറുകളാണ് ഇവിടെയുള്ളത്. അതിൽ വിൻഡോ 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള നാലു കംപ്യൂ‌ട്ടറുകളെയാണ് വൈറസ് ബാധിച്ചത്. 300, 600 ഡോളറുകൾ വീതം മോചനദ്രവ്യം വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കംപ്യൂട്ടറുകളിലെ വിവരങ്ങൾ പൂർണമായും നഷ്ടമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: