സുരക്ഷാ ഭീഷണി: പാക് എയര്‍ലൈന്‍സിലെ ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവെച്ചു

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പിഐഎ) 14 ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ജീവനക്കാരെ തടഞ്ഞുവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പികെ-785 ഫ്ളൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ബ്രിട്ടീഷ് പൊലീസായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) ചോദ്യം ചെയ്തത്. ഇസ്ലാമാബാദില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവര്‍. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദപരിശോധന നടന്നതായും പിഐഎ വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ 11.30ന് ലാഹോറില്‍ തിരിച്ചെത്തേണ്ട വിമാനമായിരുന്നു ഇത്. ജീവനക്കാരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഒന്നും അറിയിച്ചില്ലെന്നും താജ്വാര്‍ പറഞ്ഞു.

എന്നാല്‍, പിന്നീട് പാക് സര്‍ക്കാര്‍ മലക്കംമറിഞ്ഞു. വിമാനജീവനക്കാരെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിട്ടില്ലെന്നു പിഐഎ അറിയിച്ചു. ലണ്ടനിലെ ഹോട്ടലില്‍ വിശ്രമത്തിനു പോയ ജീവനക്കാര്‍ക്ക് പകരം ജീവനക്കാരുമായി വിമാനം രാവിലെ തിരിച്ചെത്തിയെന്നും പിഐഎ അറിയിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: