ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്ന ദൃശ്യങ്ങള്‍ കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള നിയമം ഉടന്‍

ഡബ്ലിന്‍: ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാതിരിക്കാന്‍ വാര്‍ത്താവിനിമയ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഐറിഷ് സര്‍ക്കാര്‍. തീവ്രവാദവുമായി ബന്ധപ്പെട്ട് ഭീകരര്‍ നടത്തുന്ന ശത്രുതാപരമായ സംഭാഷണങ്ങള്‍, ആക്രമണ രീതി എന്നിവ ഇന്റര്‍നെറ്റ് വീഡിയോയിലൂടെ കുട്ടികളിലെത്തുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം. വീഡിയോ പ്ലാറ്റ്ഫോം ആയ യു ട്യൂബില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കും. സോഷ്യല്‍ മീഡിയ വഴിയുള്ള ഭീകരവാദ പശ്ചാത്തലമുള്ള എല്ലാത്തരം വീഡിയോകള്‍ക്കും നിയന്ത്രണമായുണ്ടാകും.

നിയമം സാധ്യമാക്കാന്‍ AVMSD എന്നറിയപ്പെടുന്ന ശ്രവണ-ദൃശ്യ മാധ്യമ സേവന നിര്‍ദ്ദേശമായിരിക്കും ഐറിഷ് വാര്‍ത്താവിനിമയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതെന്ന് കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നീസ് നോര്‍ട്ടന്‍ വ്യക്തമാക്കി. AVMSD ഇ.യു വിന്റെ നിയമ നിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തിലായിരിക്കും നടപ്പില്‍ വരുത്തുക. മാത്രമല്ല ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. യൂറോപ്യന്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി ടെലികമ്യുണിക്കേഷന്‍ രംഗത്തെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുമായി സംവാദിച്ച് ഭീകര ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും രീതിയില്‍ ഇത്തരം ദൃശ്യ ശ്രവണ പ്രചാരണം നടത്തിയാല്‍ അപ്ലോഡ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്കും വാര്‍ത്ത വിനിമയ സ്ഥാപനങ്ങള്‍ക്കും വന്‍ പിഴയും തടവും അനുഭവിക്കേണ്ടിവരും. കൂടാതെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് രാജ്യത്തു നിന്നും പുറത്താക്കല്‍ ഭീഷണിയും നേരിടേണ്ടി വരും. അയര്‍ലണ്ടില്‍ യുവാക്കള്‍ക്കിടയില്‍ മതപരമായ ദ്രുവീകരണം സംഭവിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ഉന്നതതല മന്ത്രിസഭാ കമ്മിറ്റിയാണ് വാര്‍ത്താവിനിമയ നിയന്ത്രണം ആവശ്യമാണെന്ന് ആദ്യമായി നിര്‍ദ്ദേശിച്ചത്. ഭീകരവാദികള്‍ പുറത്തുവിടുന്ന വീഡിയോ ഓഡിയോ ക്ലിപ്പുകള്‍ക്ക് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐറിഷ് സര്‍ക്കാരിന്റെ ഇതിനെതിരെയുള്ള നിയമ നടപടികള്‍. കുട്ടികളില്‍ ഇത്തരം പ്രചാരണപരിപാടികള്‍ ആഴത്തില്‍ വേരൂന്നുമെന്നതിനാല്‍ പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ഡെന്നീസ് നോട്ടന്‍ വിശദമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: