ലണ്ടന്‍ ആക്രമണത്തിന് തൊട്ടു മുന്‍പ് 7.5 ടണ്‍ ഭാരമുള്ള ലോറി വാടകയ്ക്കെടുക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

എട്ട് പേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനായി ലോറി ഉപയോഗിക്കാന്‍ തീവ്രവാദികള്‍ ആദ്യം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഏഴര ടണ്‍ ഭാരമുള്ള ലോറി ഓണ്‍ലൈനിലൂടെ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പണം കൃത്യസമയത്ത് ഏര്‍പ്പാടാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത് നടക്കാത്തതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് പ്ലാന്‍ ബി പ്രകാരം വാടകയ്ക്കെടുത്ത വെളുത്ത വാന്‍ ഉപയോഗിച്ച് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയും ചിതറി ഓടിയവരെ കത്തികൊണ്ടു കുത്തിയുമാണ് അക്രമം നടത്തിയത്.

ജൂണ്‍ മൂന്നിന് നടന്ന ആക്രമണത്തിന് ശേഷം വാഹനത്തില്‍ നിന്നും പെട്രോള്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ 30 സെന്റിമീറ്റര്‍ വലിപ്പമുള്ള കത്തിയും അക്രമി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്ന് പേരെയും പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. എന്നാല്‍, ലോറി ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു നടന്നിരുന്നതെങ്കില്‍ ഇതിലും വലിയ ദുരന്തം ആകുമായിരുന്നു, മരണ സംഖ്യയും ഉയരുമായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. പാരീസിലും ബ്രസ്സല്‍സിലും നടത്തിയ ആക്രമണത്തിന്റെ മാതൃകയിലാണ് ലണ്ടനിലും നടത്താന്‍ ഭീകരന്മാര്‍ ഉദ്ദേശിച്ചിരുന്നത്.

പാലത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റി ആക്രമണം നടത്തിയ ശേഷം മൂന്നു പേരും ചേര്‍ന്ന് ബോറോ മാര്‍ക്കറ്റിലെത്തി വിവിധ റസ്റ്ററന്റുകളില്‍ ഉണ്ടായിരുന്നവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ തുരുതുരാ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന്റെ പുറകില്‍ 12 വൈന്‍ ബോട്ടിലുകളില്‍ പെട്രോള്‍ ബോംബുകളും കണ്ടെത്തിയിരുന്നു. വാനിലേക്ക് തിരികെ വന്ന് പെട്രോള്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തിനും ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി വേണം കരുതാന്‍.

വെള്ളിയാഴ്ച 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍തന്നെയാണ് വാന്‍ ഓടിക്കുവാന്‍ പദ്ധതിയിട്ടിരുന്നത്. പിന്നീട് 28കാരനായ ഒരാളെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും പെട്രോള്‍ ബോംബ് നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ചാവേറാക്രമണം നടത്തുന്നതിനായുള്ളബോംബും വ്യാജ ഐഡികാര്‍ഡും കണ്ടെത്തിയിരുന്നു.

ആക്രമണം നടത്തിയ 27 വയസ്സുള്ള പാക് വംശജനായ ഖുറാം ബട്ട്, മൊറോക്കന്‍ സ്വദേശിയും മുന്‍പ് ഡബ്ലിനില്‍ ജീവിച്ചിരുന്നതായി അവകാശപ്പെട്ട റാച്ചിഡ് റുഡൌന (30), ലിബിയന്‍ സ്വദേശി യൂസെഫ് സഗ്ഗ്ബ (22) എന്നിവരാണ് ആക്രമണം നടന്ന എട്ട് മിനിട്ടിനകം സായുധ പൊലീസുകാരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: