കേരളത്തില്‍ ഹര്‍ത്താല്‍ മേളം; ആറ് മാസത്തിനിടയ്ക്ക് 63 ഹര്‍ത്താല്‍ ദിനങ്ങള്‍

അറുപതാം പിറന്നാള്‍ വര്‍ഷത്തില്‍ കേരളം ഇന്ന് അറുപത്തിമൂന്നാം ഹര്‍ത്താലിന് സാക്ഷിയാകുന്നു. പിറന്നാള്‍ വര്‍ഷം പാതി പിന്നിടും മുന്‍പാണ് ഹര്‍ത്താല്‍ എണ്ണത്തില്‍ കേരളം ‘റെക്കോര്‍ഡ്’ സ്ഥാപിച്ചത്. 2017 ജനുവരി ഒന്നു മുതല്‍ ഇന്നു വരെയുള്ള 161 ദിവസങ്ങള്‍ക്കിടെയാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്ന് ചെറുതും വലുതുമായ 63 ഹര്‍ത്താലുകള്‍ നടത്തിയത്. കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും സംഘപരിവാര്‍ സംഘടനകളും കുമളിയില്‍ കോണ്‍ഗ്രസും ഇന്നും ഹര്‍ത്താല്‍ ‘ആചരിക്കുക’യാണ്.

ഈ വര്‍ഷം ഇതുവരെ ഇരുപത്തിയഞ്ചില്‍ അധികം ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ സംഘടനകളാണ് കേരളത്തിന് ഹര്‍ത്താലുകള്‍ ‘സമ്മാനിക്കുന്ന’ കാര്യത്തില്‍ മുന്നില്‍. ഭരണകക്ഷിയാണെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും പതിനൊന്ന് ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് വ്യക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രതിപക്ഷത്തുള്ള ‘ഹര്‍ത്താല്‍ വിരുദ്ധ’രായ യുഡിഎഫും എട്ടു ഹര്‍ത്താലുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരേയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ആറിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹര്‍ത്താലും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതിഷേധ സൂചകമായി സംഘടിപ്പിക്കുന്ന ഹര്‍ത്താലുകളുടെ എണ്ണം പെരുകിയതോടെ കടുത്ത പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ ഹര്‍ത്താല്‍ പരമ്പരയാണ് അരങ്ങേറുന്നത്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ചുള്ള സമരപരമ്പരകളാണ് പലയിടത്തും ഹര്‍ത്താലിലേക്ക് നയിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ആകെ താറുമാറാക്കുകയാണ്. വിവിധ പരീക്ഷകള്‍ക്കായി എത്തേണ്ടവര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നു.

ഈ മാസം മാത്രം ഇന്നുവരെ 10 ഹര്‍ത്താലുകളായി. ഇതില്‍ ആറും സംഘപരിവാര്‍ വക. എട്ടിന് തിരുവനന്തപുരം ജില്ല, ചേര്‍ത്തല നഗരസഭ, ബേപ്പൂര്‍ നിയസഭാ മണ്ഡലം, എന്നിവിടങ്ങളില്‍ ഒറ്റദിവസം ഹര്‍ത്താല്‍ സംഘടിപ്പിച്ചു. ഹര്‍ത്താല്‍ അവരുടെ പ്രിയ ആയുധമാകുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: