ഗര്‍ഭാശയത്തില്‍ സൂചി മറന്നുവച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ

യുവതിയുടെ ഗര്‍ഭാശയത്തില്‍ സൂചി കണ്ടെത്തി സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹിയിലെ ശ്രീ ജീവാന്‍ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷന്‍ ആണ് ആശുപത്രിക്ക് പിഴ ചുമത്തിയത്.

2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഡല്‍ഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടര്‍ അല്ലെന്നും ഫാര്‍മസിസ്റ്റാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 15ന് പ്രസവം നടന്നതിനു ശേഷം യുവതിക്ക് ഗര്‍ഭാശയത്തില്‍ നിരന്തരമായി വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയ യുവതിയേ എക്സറേയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭാശയത്തില്‍ സൂചി ഉണ്ടെന്ന് കണ്ടെത്തിയത്.

പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ യുവതിക്ക് ഇനി ഗര്‍ഭം ധരിക്കാനാവില്ലെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് കേസ് നല്‍കിയത്. യുവതി നല്‍കിയ കേസിനെതിരെ ആശുപത്രി അധികൃതര്‍ നല്‍കി ഹര്‍ജി കമ്മീഷന്‍ തള്ളി.

ഗുരുതര ചികിത്സാ പിഴവ് കൂടാതെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും ആശുപത്രി അധികൃതര്‍ നടത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി. ആശുപത്രിയെ അനുകൂലിച്ച ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനെയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: