ജി.എസ്.ടി പ്രഖ്യാപനം ജൂണ് 30ന് അര്‍ധരാത്രി- അരുണ്‍ ജെയ്റ്റ്ലി

ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിന്റെ് പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്നും ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ പെങ്കടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവര്‍ക്കുള്ള അത്താഴവും അന്ന് പാര്‍ലമെന്റിലായിരിക്കും. അര്‍ധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവില്‍വരും.

ഏകീകൃത ചരക്കുനികുതി സംവിധാനം നിലവില്‍ വന്നാല്‍ നികുതിവരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് കേരളത്തിന് ആശ്വാസം പകരുന്നത്. ഉല്‍പന്നങ്ങളുടെ വിതരണമേഖലയില്‍ നികുതി നിശ്ചയിക്കുന്ന രീതിയായിരിക്കും നിലവില്‍ വരിക. ഇതോടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ നികുതിയുടെ നേട്ടം സംസ്ഥാനത്തിനുതന്നെ ലഭിക്കും. ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഇതുവഴി മികച്ച നേട്ടമുണ്ടാകുമെന്നാണ് സാമ്പത്തികകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 2000 മുതല്‍ 3000 കോടി വരെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഉല്‍പാദകര്‍ നല്‍കുന്ന നികുതിയില്‍ കുറവുംവരും. ഇത് സംസ്ഥാനത്ത് ഉല്‍പാദന മേഖലയില്‍ ഉണര്‍വു സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനാന്തര നികുതികള്‍ ഇല്ലാതാകുന്നതിനാല്‍ ഉല്‍പന്നങ്ങള്‍ക്കുണ്ടാകുന്ന വിലക്കുറവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു ഗുണകരമാകും. അതേസമയം, ജി.എസ്.ടി നടപ്പാകുന്നതോടെ വില്‍പന നികുതി പിരിച്ചെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രം കവര്‍ന്നെടുക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്. ഇത് സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന വാദം ഉയരുന്നുണ്ട്. പുതിയ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ നികുതിനിര്‍ണയ സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തേണ്ടി വരും. ഇത് സംസ്ഥാന സമ്പദ്ഘടനയുടെ നിലവിലുള്ള ഗതി മാറ്റുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: